ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ

By Web DeskFirst Published Dec 8, 2017, 1:59 PM IST
Highlights

ഗുജറാത്തിൽ നാളെ 89 മണ്ഡലങ്ങളിലേക്ക് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും പ്രചാരണം നടത്തുകയാണ്. പ്രകടന പത്രിക പുറത്തിറക്കാത്ത ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചെങ്കിലും ഇന്ന് വലിയ പ്രചരണമാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മധ്യഗുജറാത്തിലും ഉത്തരഗുജറാത്തിലും നടക്കുന്നത്. നരേന്ദ്രമോദിയും രാഹുൽഗാന്ധിയും വിവിധ കേന്ദ്രങ്ങളിൽ പ്രചാരണം നടത്തും. 

പ്രധാനമന്ത്രിയെ താഴ്ന്ന ജാതിക്കാരനെന്നാക്ഷേപിച്ച മണിശങ്കർ അയ്യരെ കോൺഗ്രസ് പുറത്താക്കിയെങ്കിലും ഗുജറാത്തിൽ മോദിക്കെതിരായ പരാമർശം തെരഞ്ഞെടുപ്പ് ചർച്ചയായി വളർന്നു കഴിഞ്ഞു. പാവപ്പെട്ട കുടുംബത്തിൽനിന്നുവന്ന തന്നെ അപമാനിക്കുന്നത് ഗുജറാത്തിനെയാകെ അപമാനിക്കലാണെന്ന മോദിയുടെ പ്രസംഗം തിരിച്ചടിയാകുമോയെന്ന് കോൺഗ്രസിന് ഭയമുണ്ട്. അതുകൊണ്ടാണ് മണിശങ്കർ അയ്യർ മാപ്പുപറഞ്ഞിട്ടും പാർട്ടി സസ്പെൻഷൻ എന്ന കടുത്ത നടപടിയിലേക്ക് കടന്നത്. ഇവസാന നിമിഷംവരെ പ്രചാരണ രംഗത്ത് ഇഞ്ചോടിഞ്ചുനിന്നിട്ട് പൊടുന്നനെ ജനവികാരം തങ്ങൾക്കെതിരാകുമോ എന്നാണ് കോൺഗ്രസിന്റെ ഭയം. 

അതേസമയം ഈ അവസരം മുതലാക്കി ഗുജറാത്തി ജനങ്ങളുടെ വോട്ടുറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. വോട്ടിലൂടെ ഗുജറാത്തികൾ മറുപടി പറയണമെന്നാണ് മോദി ഇന്നലെ വ്യക്തമാക്കിയത്. പിന്നാലെ അമിത്ഷാ, ജെയ്റ്റ്ലി, യോഗി ആദിത്യനാഥ് തുടങ്ങിയവരെല്ലാം കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത്, കച്ച് എന്നീ മേഖലകളിലായി 18 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. രാജ്കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണിയും കോൺഗ്രസ് എംഎൽഎ ഇന്ത്രാനിൽ രാജ്യഗുരുവും തമ്മിലാണ് പ്രധാനപോരാട്ടം.

click me!