
ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കാനായി ഇന്ന് ദില്ലിയിൽ ബിജെപി കേന്ദ്രനേതൃത്വം യോഗം ചേരും. ദേശീയത ഉയർത്തിക്കാട്ടിയാകും ഗുജറാത്തിൽ ബിജെപി വോട്ടുചോദിക്കുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. അതേസമയം അഛേ ദിൻ എന്ന് ഉരുവിട്ടാൽ മാത്രം രാജ്യത്ത് വികസനമുണ്ടാകില്ലെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു.
ഒരു സീറ്റിൽ മൂന്ന്പേരുവെച്ച് ഗുജറാത്തിലെ 182 സീറ്റിലേക്കും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിപട്ടികയുണ്ടാക്കി. ഇന്നുമുതൽ ദില്ലിയിൽ നടക്കുന്ന കേന്ദ്ര നേതാക്കളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലേത് പോലെ ദേശീയത ഉയർത്തിക്കാട്ടിയാകും സംസ്ഥാനത്ത് ബിജെപി പ്രചരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ജവർഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ചിലർ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയപ്പോൾ പിന്തുണയുമായി രാഹുൽ ഗാന്ധി അവിടെപോയത് ഗുജറാത്തിലെ ജനങ്ങൾ മറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദിയാണ് പ്രചാരണത്തിലെ താരം.
ജാതിനേതാക്കളെ ചേർത്ത് മഹാസഖ്യമുണ്ടാക്കിയും മൃതുഹിന്ദുത്വ കാർഡിറക്കിയും പ്രചാരണം നടത്തുന്ന കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങും. നോട്ട് നിരോധനം ജിഎസ്ടി എന്നീ വിഷയങ്ങൾ കോൺഗ്രസ് സജീവ ചർച്ചയാക്കുന്നു. ഡസംബർ 9 14 എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam