ആനന്ദ ബോസിനെ ഏതെങ്കിലും രീതിയിൽ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയായ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേയുളളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
ദില്ലി : ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിന് പിന്നാലെ അഭ്യൂഹങ്ങളുയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ബിജെപി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനന്ദബോസ് രാജിവെച്ചതെന്നും പല ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നുമാണ് സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ വിശദീകരണം. ആനന്ദ ബോസിനെ ഏതെങ്കിലും രീതിയിൽ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും രാഷ്ട്രപതിയുടെ പ്രതിനിധിയായ അദ്ദേഹത്തെ ബഹുമാനിച്ചിട്ടേയുളളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിശദീകരിക്കുന്നു.
നിലവിലെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എൻ രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കാനാണ് തീരുമാനം. ആര്‍ എൻ രവി ബംഗാള്‍ ഗവര്‍ണര്‍ ആകുന്നതോടെ മണിപ്പൂർ ഗവർണർ എ കെ ഭല്ലയ്ക്ക് തമിഴ്നാടിന്‍റെ അധിക ചുമതല നൽകിയേക്കും.
നേരത്തെ ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. രാജി ഞെട്ടിച്ചെന്നും എന്തുകൊണ്ടാണ് അദ്ദേഹം രാജിവെച്ചത് എന്ന കാര്യം അറിയില്ലെന്നും മമത ചൂണ്ടിക്കാട്ടി. സാഹചര്യം വിലയിരുത്തുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്നും ഗവർണർക്ക് സമ്മർദ്ദമുണ്ടായാൽ അതിൽ അതിശയിക്കാനില്ലെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി.


