
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കുകയാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി പാട്ടേല്‍ സമുദായത്തിന്റെ പിന്തുണയോടെ എത്തുന്ന കോണ്‍ഗ്രസില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് ബിജെപിക്കുള്ളത്. സ്വന്തം സംസ്ഥാനം കൈവിട്ടാലുണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവ് ബിജെപിക്കും മോദിക്കും ഒരുപോലെയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ പ്രചരണ പരിപാടികളാണ് നടക്കാനിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ മോദിയുടെ ജന്മനാടായ വഡ്‌നഗറിലെ വിശേഷങ്ങള്‍ ഇങ്ങനെ. രണ്ടാംഘട്ടമാണ് ഇവിടെ വോട്ടെടുപ്പ്. മോദിയുടെ അമ്മയും അടുത്തബന്ധുക്കളും ഒന്നും ഇപ്പോള്‍ ഇവിടെ ഇല്ല. വട്‌നഗറിലെ റെയില്‍വെ സ്റ്റേഷനും ചായക്കടയുമെല്ലാം വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ് സര്‍ക്കാര്‍.
മോദി കുട്ടിക്കാലത്ത് മുതലയെ പിടിച്ചിട്ടുണ്ടെന്ന് കട്ട ഫാന്‍സ് പ്രചരിപ്പിച്ച ആ മുതലത്തടാകം അവിടെ തന്നെയുണ്ട്. അഹമ്മദാബാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്താണ് മോദിയുടെ ജന്‍മനാട്. ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കണ്ടപ്പോള്‍ തന്നെ അവര്‍ പറഞ്ഞു തുടങ്ങിയിരുന്നു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇങ്ങനെ- മോദി നല്ല മനുഷ്യനാണ്. ചുരുങ്ങിയ സമയംകൊണ്ട് രാജ്യത്ത് വികസനം കൊണ്ടുവന്നു-ഇങ്ങനെയായിരുന്നു അവരില്‍ പലരുടെയും പ്രതികരണം.
മോദിയുടെ ബന്ധു സ്ഥലത്ത് പട്ടം വില്‍ക്കുന്ന കട നടത്തുന്നുണ്ട്. വാസുഭായ് മോദി അതായിരുന്നു അദ്ദേഹത്തന്റെ പേര്. മോദി ചായവിറ്റ വഡ്‌നഗര്‍ റെയില്‍വേസ്റ്റേഷനും അടുത്തു തന്നെ. സ്‌കൂള്‍ വിട്ടാലും അവധി ദിവസങ്ങളിലും മോദി അച്ഛന്‍ ദാമോദര്‍ ദാസിനെ ചായക്കടയില്‍ സഹായിച്ചിരുന്നു എന്നും വാസുഭായി പറയുന്നു. മോദി നിസ്വാര്‍ത്ഥനാണ്. മോദിയെപോലൊരു പ്രധാനമന്ത്രിയെ കിട്ടിയത് നമ്മുടെ ഭാഗ്യമാണെന്നും വാസുഭായി പറഞ്ഞു നിര്‍ത്തി.
ബാല്‍ നരേന്ദ്ര യഹാം ചായ് ബേജ്താ, എന്നുവെച്ചാല്‍ മോദി ഇവിടെ ചായവിറ്റിരുന്നു എന്ന് ആ പഴയ കടയില്‍ എഴുതിവെച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രധാനമന്ത്രയുടെ സ്വപ്നപദ്ധതിയായ സ്വഛ് ഭാരത് സ്വന്തം നാട്ടുകാര്‍ക്ക് മനസിലായ മട്ടില്ലെന്ന് പ്രദേശം കണ്ടാല്‍ തോന്നും. പലയിടത്തും മാലിന്യക്കുണ്ടാണ്. 30,000ത്തിലധികം പേര്‍ താമസിക്കുന്ന മുനിസിപ്പാലിറ്റിയായ വഡ്‌നഗറില്‍ നല്ല ഹോസ്പിറ്റലടക്കം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മോദി ഈയടുത്ത് തുടക്കമിട്ടിട്ടുണ്ട്.