പട്ടേല്‍ പ്രതിഷേധം ഫലം കണ്ടു; കോണ്‍ഗ്രസ് നാലിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

By Web DeskFirst Published Nov 21, 2017, 10:49 AM IST
Highlights

അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തങ്ങളുടെ നോമിനികളെ ഉള്‍പെടുത്തിയില്ലെന്നാരോപിച്ച് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നടത്തിയ പ്രതിഷേധം ഫലം കണ്ടു. ഗുജറാത്തില്‍ പാ‍ട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയുടെ പ്രതിഷേധം തണുപ്പിക്കാനായി കോണ്‍ഗ്രസ് നാല് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി. ഹാര്‍ദിക് അനുയായികള്‍ക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസ് 13 പേരടങ്ങിയ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു.

ജുനഗഡ്, ബറൂച്ച്, കാമ്രേജ്, വരാച്ച റോഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് മാറ്റിയത്. വജ്രവ്യാപാരകേന്ദ്രമായ സൂറത്തിലെ വരാച്ചാ റോഡില്‍ വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയുടെ അനന്തരവന്‍ പ്രഫുല്‍ തൊഗാഡിയയ്‌ക്ക് പകരം ഹാര്‍ദികുമായി അടുപ്പമുള്ള വജ്രവ്യാപാരി ധിരു ഗജേരയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.

കോണ്‍ഗ്രസിന്റെ തീരുമാനത്തോടെ പട്ടേല്‍ അനാമത് ആന്തോളന്‍ സമിതി പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം അഹമ്മദാബാദില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന വിവരം ഹാര്‍ദിക് പട്ടേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. അതേസമയം, ഹാര്‍ദിക് പട്ടേല്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരു ഘടകമേ അല്ല എന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്.

89 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അന്തിമ തീയതിയാണ് ഇന്ന്. സൗരാഷ്‌ട്രയിലെയും ദക്ഷിണ ഗുജറാത്തിലെയും സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കാനുള്ള തിരക്കിട്ട ജോലികളിലാണ്. അഹമ്മദാബാദിലെത്തിയ അരുണ്‍ ജയ്റ്റ്‌ലി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പത്രിക തയ്യാറായെന്നും ഉടന്‍ പുറത്തിറക്കുമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി.

click me!