ഗുല്‍ബര്‍ഗ്ഗ റാഗിങ്; മൂന്ന് പ്രതികള്‍ റിമാന്റില്‍, നാലാം പ്രതിക്കായി തെരച്ചില്‍ തുടരുന്നു

By Web DeskFirst Published Jun 25, 2016, 3:57 AM IST
Highlights

ഗുല്‍ബര്‍ഗ്ഗ അല്‍ ഖമര്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അശ്വതിയെ റാഗിങിന് വിധേയമാക്കിയ അഞ്ചംഗം സംഘം ഇന്നലെ രാവിലെയാണ് കേരളത്തില്‍ നിന്ന് കോളേജ് ഹോസ്റ്റലിലെത്തിയത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവരില്‍ മൂന്ന് പേര്‍ക്കാണ് റാഗിങില്‍ നേരിട്ട് പങ്കുള്ളതായി പൊലീസിന് വ്യക്തമായത്. ഇടുക്കി സ്വദേശി ആതിര, കൊല്ലം സ്വദേശി ലക്ഷ്മി എന്നിവരാണ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍. കൃഷ്ണപ്രിയ എന്ന മൂന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അശ്വതിയുടെ സഹപാഠി സായി നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ഇന്ന് രാവിലെ ഗുല്‍ബര്‍ഗ്ഗ് ജില്ലാ മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കൃഷ്ണപ്രിയയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ആതിരയെയും ലക്ഷ്മിയെയും ഗുല്‍ബര്‍ഗ്ഗ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിലെ നാലാം പ്രതി ശില്‍പ ജോസ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ശില്‍പയും അശ്വതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ശില്‍പയ്‌ക്കായി തെരച്ചില്‍ തുടരുകയാണ്.

വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്ന് തന്നെ പൊലീസ് അപേക്ഷ നല്‍കുമെന്നാണ് സൂചന. റാഗിങ് സംബന്ധിച്ച് യഥാസമയം പരാതി നല്‍കാത്തതിന് കോളേജ് അധികൃതര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അശ്വതിയുടെ മൊഴിയെടുക്കുന്നതിനായി കേസ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‍പി കേരളത്തിലേക്ക് തിരിക്കുന്നത്.

click me!