ഖത്തറിനെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ; പരിഹാരമില്ലാതെ ഗള്‍ഫ് പ്രതിസന്ധി

By Web DeskFirst Published Jun 20, 2017, 1:03 PM IST
Highlights

അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ഗള്‍ഫ് പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്നു. ഖത്തര്‍ തീവ്രവാദത്തെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൗദി അനുകൂല രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയ്‌ക്ക് തയാറല്ലെന്നാണ് ഖത്തറിന്റെ നിലപാട്.

ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് അയല്‍ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ടാഴ്ച പിന്നിടുമ്പോള്‍ അനുരഞ്ജന ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടുകയാണ്. കുവൈറ്റിന്റെ നേതൃത്വത്തില്‍ തുര്‍ക്കി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും പ്രശ്നത്തില്‍ സജീവമായി ഇടപെടുന്നുണ്ടെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധി അനിശ്ചിതമായി നീളാന്‍ ഇടയാക്കുന്നത്. ഐക്യരാഷ്‌ട്ര സഭയും ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഖത്തറിനോട് അനുകൂല സമീപനം പുലര്‍ത്തി ഉപരോധം പിന്‍വലിക്കാന്‍ സൗദി അനുകൂല രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടത്തിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയില്ലായ്മ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കാനിടയാക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. 

ഇതിനിടെ ഖത്തറിനെതിരെയുള്ള ഉപരോധം ഒരു വര്‍ഷമെങ്കിലും തുടരുമെന്നും ഖത്തറിനെ ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നുമുള്ള യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രസ്താവന മേഖലയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഉപരോധം പിന്‍വലിക്കാതെ അയല്‍ രാജ്യങ്ങളുമായി ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും വ്യക്തമാക്കിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള ഉപാധികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ അയല്‍ രാജ്യങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ചോദിച്ചു. ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യാതൊരു നീക്കങ്ങളും തങ്ങള്‍ അംഗീകരിക്കില്ലെന്നും അഭിമുഖത്തില്‍ വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിനിടെ ഖത്തറിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്.

click me!