
കഞ്ചാവുമായി സി.എസ്.ഡി.എസിന്റെ പ്രാദേശിക നേതാവിനെ ഇടുക്കിയിലെ കുമളിയിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു. കുമളി അമരാവതി പത്താഴപ്പുരയ്ക്കൽ സാം കുട്ടി ആണ് പിടിയിലായത്
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കാറിൽ കഞ്ചാവുമായി ഒരാൾ കേരളത്തിലേക്ക് വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കുമളി അതിർത്തി ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ വാഹന പരിശോധന ശക്തമാക്കി. സാം കുട്ടി സഞ്ചരിച്ചിരുന്ന വാഹനം പരിശോധനക്കായി കൈകാണിച്ചെങ്കിലും നിർത്താതെ ടൗണിനു സമീപത്തെ റോസാപ്പൂക്കണ്ടം ഭാഗത്തേയ്ക്ക് പോയി. എക്സൈസ് സംഘം ബൈക്കിൽ പിന്നാലെ എത്തി. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ റോസാപ്പൂക്കണ്ടത്തെ ഒരു പുരയിടത്തിൽ നിന്നും കാർ കണ്ടെത്തി. സമീപ വാസികളോട് അന്വേഷിച്ചെങ്കിലും ഈ വാഹനത്തിലുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരം ലഭിച്ചില്ല.
ഇതോടെ ഉദ്യോഗസ്ഥർ മറഞ്ഞിരുന്ന് നിരീക്ഷിച്ചു. രാത്രി പന്ത്രണ്ടരയോടെ ഇയാൾ വാഹനവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു നിർത്തി. പരിശോധനയിൽ ഡിക്കിക്കുള്ളിലെ കാർപ്പെറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ഇതിനിടെ ഇയാൾ മൊബൈൽ ഫോണിലൂടെ അറിയിച്ചതനസരിച്ച് നിരവധി ആളുകൾ എത്തി സാം കുട്ടിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർരെ ആക്രമിക്കാൻ ശ്രമിച്ചു. കഞ്ചാവ് പൊതി കാണിച്ചതോടെ നാട്ടുകാർ പിരിഞ്ഞു പോയി. തുടർന്ന് സാം കുട്ടിയേയും വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കുമളി ഒന്നാം മൈൽ സ്റ്റാന്റിലെ ഡ്രൈവർ ആയ സാം കുട്ടി ചില്ലറക്കച്ചവടത്തിനാണ് കഞ്ചാവ് കൊണ്ടു വന്നതെന്നും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് ഇയാൾ കഞ്ചാവ് നൽകുന്നുണ്ടെന്ന് മൊഴി നൽകിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. സാം കുട്ടി സി.എസ്.ഡി.എസിന്റെ പ്രാദേശിക നേതാവും സജീവ പ്രവർത്തകനുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam