ഹാജി അലി ദര്‍ഗയില്‍ ഇനി വനിതകള്‍ക്ക് പ്രവേശിക്കാം

By Web DeskFirst Published Oct 24, 2016, 10:44 AM IST
Highlights

മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയില്‍ വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുംബൈ ഹൈക്കോടതി വിധി നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. വിശ്വാസത്തിന് എതിരാണ് ഹൈക്കോടതി തീരുമാനമെന്ന ദര്‍ഗ ട്രസ്റ്റിന്റെ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി ഉത്തരവ്. കേസ് അന്തിമവാദത്തിനായി പരിഗണിക്കുന്നതിനിടെയാണ് ദര്‍ഗയിലേക്ക് വനിതകളെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് ഹാജി അലി ട്രസ്റ്റ് അപ്രതീക്ഷിതമായി സുപ്രീംകോടതിയെ അറിയിച്ചത്. 

ട്രസ്റ്റിന്റെ തീരുമാനം അംഗീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നാലാഴ്ചക്കകം മുംബൈ ഹൈക്കോടതി വിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിന് ശേഷം കേസ് തീര്‍പ്പാക്കാമെന്നും കോടതി വ്യക്തമാക്കി. നിരോധനം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ, അത് ഒരു വിഭാഗത്തിന് മാത്രമായി ചുരുക്കുമ്പോള്‍ അത് തെറ്റായ നടപടിയാകുമെന്ന് കോടതി വ്യക്തമാക്കി. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹാജി അലി ദര്‍ഗയില്‍ വനിതകള്‍ക്കുള്ള നിരോധനം ചോദ്യം ചെയ്ത് തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. ഹാജി അലി ദര്‍ഗ ട്രസ്റ്റിന്റെ തീരുമാനം വനിതകള്‍ക്ക് നിരോധനമുള്ള മറ്റ് വിശ്വാസകേന്ദ്രങ്ങളെയും സ്വാധീനിച്ചേക്കും. ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
 

click me!