പഞ്ചായത്ത് അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പിൽ പലയിടത്തും കണ്ടത് നാടകീയ രംഗങ്ങൾ. പാർട്ടിയിലെ കലഹത്തെതുടർന്ന് തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ജയിച്ച എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു.
തിരുവനന്തപുരം: പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പലയിടത്തും നാടകീയ രംഗങ്ങളും അപ്രതീക്ഷത കൂട്ടുകെട്ടുകളും. തൃശൂർ മറ്റത്തൂരിൽ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയെ പിന്തുണച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയിൽ ജയിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജി വച്ചു.
പഞ്ചായത്ത് അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പിൽ പലയിടത്തും കണ്ടത് നാടകീയ രംഗങ്ങൾ. പാർട്ടിയിലെ കലഹത്തെതുടർന്ന് തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ ജയിച്ച എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും കൂട്ടത്തോടെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് രാജിവെച്ച 8 അംഗങ്ങള്‍ ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു. സ്വതന്ത്രയായി വിജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്‍റാകും.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് വിജയിച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എപി ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും 8 വീതം വോട്ടുകള്‍ ലഭിച്ചു. തുടർന്ന് വോട്ടെടുപ്പിലൂടെ യുഡിഎഫ്- ബിജെപി സഖ്യം അധികാരം പിടിച്ചു.
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ബിജെപിയെ പുറത്താക്കി യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർത്ഥി സുരേഷ് കുഴിവേലിക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. ഇതോടെ 6 സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി പുറത്തായി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം 60 വർഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎമ്മും ഐഡിഎഫ് സംഖ്യവും അധികാരം പിടിച്ചു.
കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷിന്റെ പഞ്ചായത്ത് മുണ്ടേരി 40 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന്റെ സികെ റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം പുത്തൻകരിശ് പഞ്ചായത്തിൽ ട്വന്‍റി ട്വന്‍റി പിന്തുണയോടെ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. ഇടതു മുന്നണിക്ക് 8 സീറ്റും യുഡിഎഫിന് 7 സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. 2 ട്വൻ്റി ട്വൻ്റി അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചുതോടെയാണ് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ റെജി തോമസാണ് പ്രസിഡന്‍റ്.
വടകര ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് -ആർഎംപി മുന്നണി ഭരിക്കും. ആർ ജെ ഡി അംഗം മാറി വോട്ട് ചെയതതോടെയാണ് ജനകീയ മുന്നണി ഭരണം പിടിച്ചത്. ഇരുമുന്നണികൾക്കും 7 വീതം സീറ്റുകളാണുണ്ടായിരുന്നത്. വോട്ടെടുപ്പിൽ ആർജെഡി അംഗത്തിന്‍റെ വോട്ടു കൂടി ലഭിച്ചതോടെ 8 വോട്ടുകള്‍ക്കാണ് യുഡിഎഫ് ആർഎംപി മുന്നണി വിജയിച്ചത്.



