
ഹജ്ജ് തീർത്ഥാടകര്‍ക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജിദ്ദയിൽ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചു. തീർത്ഥാടനത്തിനിടെ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ പ്രായോഗികമായി നേരിടാനുള്ള മാർഗങ്ങൾ കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് മുമ്പാകെ ഇവർ നിർദേശിക്കും.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന ഹജ്ജ് വര്‍ക്ക്ഷോപ്പ് ആണ് പുണ്യ സ്ഥലങ്ങളുടെ വികസനത്തിനായി പുതിയ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിക്കും മിനായ്ക്കുമിടയില്‍ പുതിയ റോഡ് പണിയണം എന്നതാണ് പ്രധാനപ്പെട്ട ഒരു നിര്‍ദേശം. ഹജ്ജ് തീര്‍ഥാടകരുടെ സുഗമമായ നീക്കങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്ന് വര്‍ക്ക്ഷോപ്പ് ചൂണ്ടിക്കാട്ടി. ഹറം പള്ളിയില്‍ നിന്നു മിനായിലേക്ക് പുതിയ തുരങ്കം പണിയുന്ന പദ്ധതിക്ക് കഴിഞ്ഞയാഴ്ച മക്കാ ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പുതിയ റോഡ് പണിയണമെന്ന നിര്‍ദേശം. മക്കയ്ക്കും മദീനയ്ക്കുമിടയില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന തീര്‍ഥാടകരുടെ എണ്ണം ദിനംപ്രതി അമ്പതിനായിരത്തില്‍ ഒതുക്കണം എന്നും നിര്‍ദേശമുണ്ട്. തീര്‍ഥാടകരുടെ സുരക്ഷിതമായ യാത്ര ഉറപ്പു വരുത്താന്‍ വേണ്ടിയാണിത്. പുണ്യ സ്ഥലങ്ങളുടെ ശുചീകരണത്തിനു നൂതനമായ സാങ്കേതിക സംവിധാനം കാണുക, അടുത്ത ഹജ്ജിനു മുമ്പായി മിനായിലെ എല്ലാ തമ്പുകളിലും എ.സി സ്ഥാപിക്കുക, അറഫയില്‍ തീര്‍ഥാടകര്‍ക്ക് തങ്ങാന്‍ തീ പിടിക്കാത്ത തമ്പുകളോ കെട്ടിടങ്ങളോ പണിയുക, മിനായിലെ തമ്പുകളില്‍ നിന്ന് ട്രെയിന്‍ സ്റ്റെഷനിലെക്കുള്ള വഴികളില്‍ തീര്‍ഥാടകര്‍ക്ക് തണല്‍ നല്‍കുന്ന പന്തല്‍ നിര്‍മിക്കുക തുടങ്ങിയവയും വര്‍ക്ക്ഷോപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉണ്ട്. വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്താനുള്ള അവസാന തിയ്യതി ദുല്‍ഹജ്ജ് അഞ്ച് അതായത് ഹജ്ജിനു മൂന്നു ദിവസം മുമ്പ് ആക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു നിര്‍ദേശം. തീര്‍ഥാടകരുടെ താമസ സൗകര്യം, യാത്ര, കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഓരോ രാജ്യക്കാര്‍ക്കും നിശ്ചയിക്കുന്ന സമയക്രമം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്‍തു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ 45 വകുപ്പുകളില്‍ നിന്നുള്ള 130 വിദഗ്ദ്ധരാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തത്. വര്‍ക്ക് ഷോപ്പില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഉടന്‍ തന്നെ മക്കാ ഗവര്‍ണറും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് സമര്‍പ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam