ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. 'ആത്മ നിർഭർ ഭാരത്' എന്ന ആശയത്തിൽ, കൊച്ചി വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയുമാണ് കേരളം അവതരിപ്പിക്കുന്നത്. 5 ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിന് ശേഷമാണ് കേരളം ഇടംപിടിച്ചത്.

ദില്ലി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. 'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം', 'സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്ന തീമിൽ സംസ്ഥാനം, 'വാട്ടർ മെട്രോയും 100% ഡിജിറ്റൽ സാക്ഷരതയും: ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത്'എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ ആശയമനുസരിച്ച് കേരള ടാബ്ലോയുടെ ഫാബ്രിക്കേഷൻ ജോലികൾ നിർവഹിക്കുന്നത് ജെ എസ് ചൗഹാൻ ആൻഡ് അസോസിയേറ്റ്സിനായി റോയ് ജോസഫാണ്. 17 സംസ്ഥാനങ്ങളാണ് ഈ വർഷം കർത്തവ്യപഥിൽ ടാബ്ലോ അവതരിപ്പിക്കുന്നതിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. കേരളത്തിന് പുറമേ അസം, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, നാഗാലാൻഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരിയും ജമ്മു- കാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകളുമായി കർത്തവ്യപഥിൽ അണിനിരക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളം ടാബ്ലോ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.