ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളേജിൽ റാഗിംഗിനും ക്രൂരമായ മർദ്ദനത്തിനും ഇരയായ 19 വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ഒരു അധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കുമെതിരെ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസ്

ദില്ലി: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളേജിൽ റാ​ഗിങ്ങിനും ക്രൂരമർദനത്തെയും തുടർന്ന് വിദ്യാർത്ഥി മരിച്ചു. അധ്യാപകനും മൂന്ന് വിദ്യാർത്ഥികൾക്കുമെതിരെ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ കേസെടുത്തു. ഡിസംബർ 26 നാണ് 19 കാരിയായ വിദ്യാ‌ർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെയാണ് പോലീസിന് പരാതി കിട്ടിയത്. മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലൈം​ഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വിദ്യാർത്ഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാ‌ർത്ഥി, താൻ നേരിട്ട അതിക്രമത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലുധിയാനയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ധരംശാലയിലെ ഗവൺമെൻ്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു. അതിജീവിതയുടേതായി പുറത്തുവന്ന വീഡിയോയിൽ അധ്യാപകൻ്റെ മോശം പെരുമാറ്റം, സഹപാഠികളായ പെൺകുട്ടികളുടെ മോശം പെരുമാറ്റവും വിവരിക്കുന്നുണ്ട്. മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.