ഹജ്ജ് തീര്‍ത്ഥാടകര്‍ വിസാ കാലാവധിക്ക് മുമ്പ് മടങ്ങണമെന്ന് സൗദി

By Web DeskFirst Published Oct 13, 2016, 6:39 PM IST
Highlights

ഇത്തവണ ഹജ്ജിനെത്തിയ തീര്‍ത്ഥാടകരുടെ വിസാ കാലാവധി അവസാനിക്കാറായ സാഹചര്യത്തിലാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം വീണ്ടും ഇത് സംബന്ധമായ നിര്‍ദേശം നല്കിയത്. വിസാ കാലാവധിക്കകം എല്ലാ വിദേശ തീര്‍ത്ഥാടകരും നാട്ടിലേക്ക് മടങ്ങണം. അനധികൃതമായി രാജ്യത്ത് കഴിയുന്ന തീര്ഥാടകര്‌ക്കെതിരെയും അവരെ സഹായിക്കുന്നവര്‌ക്കെതിരെയും നടപടിയെടുക്കും. മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്ക് തീര്‍ത്ഥാടകര്‍ സഞ്ചരിക്കാന്‍ പാടില്ല. തീര്‍ത്ഥാടകര്‍ ജോലി ചെയ്യാന്‍ പാടില്ല. നിയമ ലംഘനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അമ്പതിനായിരം റിയാല്‍ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്കി. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടു കടത്തും. നിയമ ലംഘകര്‍ക്ക് യാത്രാ സഹായം, ജോലി, താമസ സൗകര്യം തുടങ്ങിയവ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴയും ആറു മാസത്തെ തടവുമാണ് ശിക്ഷ. പിടിക്കപ്പെടുന്നത് വിദേശിയാണെങ്കില്‍ അവരെ നാടു കടത്തും. തീര്‍ത്ഥാടകരുടെ മടക്കയാത്ര വൈകിയാല്‍ അത് അധികൃതരെ അറിയിക്കണമെന്ന് സര്‍വ്വീസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി. അകാരണമായി തീര്‍ത്ഥാടകരുടെ മടക്കയാത്ര വൈകിയാല്‍ ഏജന്‍സികള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. തീര്‍ത്ഥാടകര്‍ക്ക് ജോലി നല്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തുന്നതോടൊപ്പം അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ കമ്പനി മാനേജര്‍ക്ക് ഒരു വര്‍ഷത്തെ തടവും. മാനേജര്‍ വിദേശിയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം  1,325,372 വിദേശ തീര്‍ത്ഥാടകരില്‍ 12,35,456 തീര്‍ത്ഥാടകര്‍ സ്വദേശത്തെക്ക് മടങ്ങി.

click me!