'കള്ളൻമാർക്കെതിരേയാണ് നമ്മൾ പൊരുതുന്നത്'; പ്രതിപക്ഷ റാലിക്ക് പിന്തുണയുമായി ഹർദിക്ക് പട്ടേൽ

By Web TeamFirst Published Jan 19, 2019, 4:04 PM IST
Highlights

പ്രതിപക്ഷ പാർട്ടി നേതാക്കളെ ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരത്തിയതിന് തൃണമൂൽ കോൺഗ്രസ് നേതാവും കൂടിയായ മമതാ ബാനർജിക്ക് ഹർദിക്ക് നന്ദി അറിയിച്ചു.  

കൊൽക്കത്ത: വിശാലപ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തിയ പ്രതിപക്ഷറാലിയിൽ പട്ടിദാര്‍ ആന്തോളന്‍ സമിതി അദ്ധ്യക്ഷന്‍ ഹര്‍ദ്ദിക്ക് പട്ടേല്‍ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടി നേതാക്കളെ ഒന്നിച്ചൊരു കുടക്കീഴിൽ അണിനിരത്തിയതിന് തൃണമൂൽ കോൺഗ്രസ് നേതാവും കൂടിയായ മമതാ ബാനർജിക്ക് ഹർദിക്ക് നന്ദി അറിയിച്ചു.     
 
നേതാജി സുബാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷുകാർക്കെതിരെ പോരാടാനാണ് പറഞ്ഞതെങ്കിൽ നമ്മൾ കള്ളൻമാർക്കെതിരേയാണ് പോരാടുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഹർദിക്ക് പറഞ്ഞു. കൂറ്റൻ ശക്തിപ്രകടനമായി മാറിയ പ്രതിപക്ഷറാലി ബിജെപിയുടെ ശക്തി ക്ഷയിച്ചെന്നതിനുള്ള സൂചനയാണെന്നും ഹർദിക്ക് കൂട്ടിച്ചേർത്തു. 
 
ഇരുപതിലേറെ ദേശീയനേതാക്കൾ റാലിയിൽ അണിനിരന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, ബിജെപിയിൽ നിന്ന് വിട്ടുപോന്ന മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്നന്‍ സിൻഹ, അരുൺ ഷൌരി, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‍രിവാൾ, എച്ച് ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, അഖിലേഷ് യാദവ്, ഗെഗോംഗ് അപാംഗ്, ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ എന്നിവരാണ് റാലിയിൽ അണിനിരന്ന നേതാക്കൾ. കൊൽക്കത്തയിൽ ശനിയാഴ്ചയാണ് 'യുണൈറ്റഡ് ഇന്ത്യ' എന്ന പേരിൽ റാലി നടക്കുന്നത്.

അതേസമയം ബിജെപി വിരുദ്ധ റാലിക്ക് പിന്തുണയറിയിച്ച് രാഹുൽ ഗാന്ധി മമതാ ബാനർജിക്ക് കത്തയച്ചു. മമതാ ദി എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ മുഴുവൻ പ്രതിപക്ഷവും ബിജെപിക്കെതിരെ ഒരുമിച്ചുകഴിഞ്ഞുവെന്നാണ് രാഹുൽ പറയുന്നത്. 'ഈ ഐക്യപ്രകടനത്തിൽ പൂർണ്ണ പിന്തുണ മമതാ ദിയ്ക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നു. നമ്മൾ ഒത്തൊരുമിച്ച് നിന്ന് ശക്തമായൊരു സന്ദേശം നൽകി കഴിഞ്ഞു'-രാഹുൽ കത്തിൽ പറയുന്നു. 

ജനാധിപത്യത്തിന്റെ തൂണുകളായ സാമൂഹ്യ നീതിയെയും മതേതരത്വത്തെയും യാഥാർത്ഥ ദേശീയതയ്ക്ക് മാത്രമേ രക്ഷിക്കാനാവൂ. ആ വിശ്വാസത്തിലാണ് പ്രതിപക്ഷം ഒരുമിച്ചു നിന്നത്. ജനാധിപത്യത്തിന്റെ തൂണുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഹുൽ കത്തിൽ പറയുന്നു.

click me!