തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ച നടപടി ഹൈക്കോടതി റദ്ദാക്കി

By Web TeamFirst Published Dec 28, 2018, 11:24 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടുകയും വെയർഹൗസ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്ത  നടപടി ഹൈക്കോടതി റദ്ദാക്കി

.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. കമ്പനി തുറക്കാനും ഇടപാടുകൾ തുടരാനും അനുമതി നൽകാൻ കോടതി കസ്റ്റംസിന് നിർദേശം നൽകി. വെട്ടിപ്പ് നടന്നുവെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ കസ്റ്റംസിന് ആയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

അനധികൃത മദ്യ വിൽപനയിലൂടെ ആറ് കോടി രൂപയുടെ നികുതി നഷ്ടമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്ലസ് മാക്സ് കമ്പനിയുടെ ലൈസൻസ് കസ്റ്റംസ് റദ്ദാക്കിയത്. എന്നാൽ ഇതിന് മതിയായ തെളിവ് ഹാജരാക്കാൻ കസ്റ്റംസിന് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബറിൽ അന്വേഷണം തുടങ്ങിയെങ്കിലും ഏപ്രിൽ 18ന് ആണ് കസ്റ്റംസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. അന്വേഷണത്തോട് കമ്പനി അധികൃതർ സഹകരിക്കുന്നില്ല എന്നതല്ലാതെ മറ്റ് കാരണങ്ങളൊന്നും ലൈസൻസ് റദ്ദാക്കുന്ന നടപടിയ്ക്ക് കാരണമായില്ല. 

അന്വേഷണം പൂർത്തിയാക്കിയിട്ടും കമ്പനി അനധികൃത നടപടികൾ സ്വീകരിച്ചതായി കസ്റ്റംസിന് പരാതിയും ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ എടുത്തുപറഞ്ഞാണ് ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയത്. ഷോപ്പ് അടച്ചിട്ടത് മൂലം കോടികളുടെ സാമ്പത്തിക നഷ്ടം എയർപോർട്ട് അതോറിട്ടിക്ക് ഉണ്ടായിയെന്ന് കുറ്റപ്പെടുത്തിയ കോടതി യാത്രക്കാർക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള് ഇല്ലാതായെന്നും വിമർശിച്ചു.കമ്പനി അടച്ചിടുന്ന നടപടി ഒഴിവാക്കാവുന്നതായിരുന്നുവന്നും കോടതി വിലയിരുത്തി. 

അതേ സമയം നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമീഷണർ സുമിത് കുമാറിന് മാറ്റി പകരം ചുമതല മറ്റൊരാൾക്ക് നൽകാനും ഹൈക്കോടതി നിർദേശിച്ചു. പ്ലസ് മാക്സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി കസ്റ്റംസ് കമ്മീഷണർക്കെതിരെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി നിർദേശം. ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചുപൂട്ടിയതിനും ലൈസൻസ് റദ്ദാക്കിയതിനുമെതിരെ പ്ലസ് മാക്സ് ഡ്യൂട്ടി ഫ്രീ ലിമിറ്റഡ് നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്.

click me!