
കോഴിക്കോട്: സഹകരണ മന്ത്രി ഇടപെട്ടിട്ടും സര്‍ഫാസി കുരുക്കില്‍ പെട്ടയാള്‍ക്ക് രക്ഷയില്ല. കുടിയിറക്കപ്പെട്ട അംഗപരിമിതനില്‍ നിന്ന് സര്‍ഫാസി നിയമത്തിലില്ലാത്ത വ്യവസ്ഥകള്‍ ഉന്നയിച്ച് സാമ്പത്തിക ചൂഷണം നടത്താനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ല സഹകരണബാങ്ക്.
കടമെടുത്തുണ്ടാക്കിയ വീടിന് മുന്നില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയുകയാണ് നാണുവും കുടംബവും. തലചായ്ക്കുന്നത് ബാങ്ക് മുദ്രവച്ച വീടിന്‍റെ തിണ്ണയിലാണ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത മൂന്ന് ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ഏഴ് ലക്ഷത്തോളമായി. കുടുംബത്തിന്‍റെ അവസ്ഥ മനസിലാക്കിയ സഹകരണമന്ത്രി കുടിശിക തുക നാലരലക്ഷമാക്കി കുറച്ചു. എന്നാല്‍ മന്ത്രി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥ അവഗണിച്ച ബാങ്ക് പത്ത് ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി 25 രൂപയടക്കാനാണ് നാണുവിനോടാവശ്യപ്പെട്ടിരിക്കുന്നത്.
വായ്പ തുകയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിനുണ്ടായ ചെലവ് കൂടി ചേര്‍ത്താണ് പത്ത് ലക്ഷത്തില്‍ പരം രൂപയുടെ നോട്ടീസ് നല്‍കിയതെന്നുമാണ് ബാങ്ക് അധികൃതരുടെ പ്രതികരണം. സര്‍ഫാസി നിയമം അതിനനുവദിക്കുന്നുണ്ടെന്നുമാണ് വാദം.
മൂന്ന് ലക്ഷത്തി മുപ്പത്തിയാറായിരത്തി മുന്നൂറ് രൂപയാണ് നാണുവിന് നല്‍കിയ നോട്ടീസില്‍ സെക്യൂരിറ്റി ചാര്‍ജ്ജായി കാണിച്ചിരിക്കുന്നത്. ഇത് ജപ്തി ചെയ്ത നാണുവിന്‍റെ വീടിന് കാവല്‍ നിന്ന വകയില്‍ രണ്ട് ജീവനക്കാര്‍ക്ക് നല്‍കിയ മൂന്ന് മാസത്തെ ശമ്പളമാണെന്നാണ് ബാങ്കിന്‍റെ വിശദീകരണം.
കൂടാതെ അഭിഭാഷകര്‍ക്ക് ബാങ്ക് നല്‍കിയ ഫീസും, ജപ്തിക്കായി ജീവനക്കാര്‍ എത്തിയതിന്‍റെ വണ്ടിക്കൂലിയും നാണു നല്‍കണം. ഈ വിധം തുക ഈടാക്കാന്‍ സര്‍ഫാസി നിയമത്തില്‍ എവിടെയും വ്യവസ്ഥയില്ല. വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് കണ്ടാല്‍ രണ്ട് തവണ പത്രപരസ്യം നല്‍കാനും, വീട്ടില്‍ നോട്ടീസ് പതിച്ച് ഏറ്റെടുക്കാനും, ട്രിബ്യൂണലില്‍ ബാങ്കിന് അനുകൂലമാകുന്ന കേസുകളില്‍ വില്‍പന നടത്താനുമാണ് നിയമത്തില്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam