ജസ്റ്റിസ് ലോയയുടെ മരണം: വാദം കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിമാര്‍ മരണസമയത്ത് അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നവരെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Nov 29, 2018, 11:43 AM IST
Highlights

ജസ്റ്റിസ് ബി എച്ച് ലോയയുടെ  മരണം കൊലപാതകമാണെന്നുമുള്ള കേസില്‍  വാദം കേള്‍ക്കാള്‍ വിസമ്മതിച്ച ജഡ്ജിമാര്‍ ബി എച്ച് ലോയയുടെ അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെന്ന് ദേശീയമാധ്യമമായ ദി പ്രിന്റ് ഡോട്ട് കോം റിപ്പോര്‍ട്ട്. 

മുംബൈ:  ജസ്റ്റിസ് ബി. എച്ച്. ലോയയുടെ  മരണം കൊലപാതകമാണെന്നുമുള്ള കേസില്‍  വാദം കേള്‍ക്കാള്‍ വിസമ്മതിച്ച ജഡ്ജിമാര്‍ ബിഎച്ച് ലോയയുടെ അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെന്ന് ദേശീയമാധ്യമമായ ദി പ്രിന്റ് ഡോട്ട് കോം റിപ്പോര്‍ട്ട്. ജഡ്ജിമാരായ സ്വപ്ന ജോഷി, എസ് ബി ഷൂക്കറെ, എസ് എം മോദക്ക് എന്നിവരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്.  ലോയയുടെ  മരണം ഹൃദയാഘാതം മൂലമല്ലെന്നും  റേഡിയോ ആക്ടീവ് ഐസോടോപ്പിന്റെ സഹായത്തോടെ നടത്തിയ കൊലപാതകമാണെന്നുമാണുള്ള കേസ് പരിഗണിക്കുന്ന അവസരത്തിലാണ് ജഡ്ജിമാര്‍ നിലപാട് വ്യക്തമാക്കിയത്. 

2014 ഡിസംബര്‍ 1 ന് നാഗ്പൂരില്‍ വച്ചാണ് ജസ്റ്റിസ് ബി എച്ച് ലോയ മരിച്ചത്. ജസ്റ്റിസ് സ്വപ്ന ജോഷിയുടെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ബി എച്ച് ലോയ. ജസ്റ്റിസ് എസ് ബി ഷുക്കൂറെ ആയിരുന്നു ലോയ മരണപ്പെടുന്ന സമയത്ത് ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. ജസ്റ്റിസ് എസ് എം മോദക്ക് ആയിരുന്നു ബി എച്ച് ലോയയ്ക്ക് ഒപ്പം വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലേക്ക് പോയത്.  ജസ്റ്റിസ് എസ് എം മോദക്കിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തില്‍ മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ദീപക് മിശ്ര എത്തിച്ചേര്‍ന്നത്.  ബി എച്ച് ലോയയ്ക്ക് ഹൃദയാഘാതം നേരിട്ട സമയത്ത്  അദ്ദേഹത്തോടൊപ്പം താന്‍ ഉണ്ടായിരുന്നുവെന്നാണ് എസ് എം മോദക്കിന്റെ സത്യവാങ്മൂലം.

ബിജെപി അധ്യക്ഷൻ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി  ബി എച്ച് ലോയയുടെ മരണം റേഡിയോ ആക്ടീവ് വിഷപ്രയോഗം മൂലമെന്ന്  ആരോപിച്ച് അഭിഭാഷകനായ സതീഷ് മഹാദിയറോ ആണ്  ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിനെ സമീപിച്ചത്. മരണവുമായി ബന്ധപ്പെട്ട് നശിപ്പിച്ച രേഖകള്‍ വീണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജീവനു ഭീഷണി ഉള്ളതിനാൽ രേഖകള്‍  കോടതി സംരക്ഷിക്കണമെന്നും  അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു. കൂടുതൽ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിക്കുമെന്ന് ഹർജിക്കാരൻ ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കിയിരുന്നു. ജഡ്ജി ലോയയുടെ മരണത്തിൽ ദുരുഹതയുണ്ടെന്ന ആരോപണം  സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഉന്നതനായ ഒരു വ്യക്തി ജഡ്ജി ലോയയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യം വിശദീകരിച്ച് 2014 ഒക്ടോബറില്‍ റിട്ടയേര്‍ഡ് ജഡ്ജി പ്രകാശ് തോംബ്രേയും അഭിഭാഷകനായ ശ്രീകാന്ത് ഖഡല്‍ക്കറും വഴി ജഡ്ജി ലോയ തന്നെ സമീപിച്ചിരുന്നതയും സതീഷ് ഹർജിയിൽ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് ഉള്‍പ്പെടെയുള്ള ഉന്നതരാണ്  ഭീഷണിപ്പെടുത്തുന്നത് എന്ന് ലോയ തന്നോട്  വെളിപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും നാഗ്പൂര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപണമുണ്ട്.

click me!