അശ്ലീല പുസ്തകം കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹെെക്കോടതി

By Web TeamFirst Published Aug 10, 2018, 11:48 PM IST
Highlights

അശ്ലീല പുസ്തകങ്ങൾ വിൽപന നടത്തിയെന്ന കേസിൽ കീഴ്കോടതി ശിക്ഷിച്ച പെരിന്തൽമണ്ണ സ്വദേശിയെ വെറുതെവിട്ടാണ് കോടതിയുടെ നിരീക്ഷണം

കൊച്ചി: അശ്ലീല പുസ്തകം കൈവശം വയ്ക്കുന്നത് കുറ്റകരമാകില്ലെന്ന് ഹൈക്കോടതി. ഇത്തരം പുസ്തകങ്ങൾ കൈവശമുണ്ടായിരുന്നുവെന്നത് കൊണ്ടുമാത്രം അശ്ലീല പുസ്തകങ്ങളുടെ വിൽപന തടയൽ നിയമ പ്രകാരം ശിക്ഷിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അശ്ലീല പുസ്തകങ്ങൾ വിൽപന നടത്തിയെന്ന കേസിൽ കീഴ്കോടതി ശിക്ഷിച്ച പെരിന്തൽമണ്ണ സ്വദേശിയെ വെറുതെവിട്ടാണ് കോടതിയുടെ നിരീക്ഷണം.

2001 മേയ് രണ്ടിനാണ് പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് റഫീക്കിന്‍റെ കടയിൽ റെയ്ഡ് നടത്തി പൊലീസ് പുസ്തകങ്ങൾ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയൽ ,യുവാക്കളെ വഴി തെറ്റിക്കുന്ന പ്രസിദ്ധീകരണങ്ങൾ തടയൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

വിവിധ വകുപ്പുകളിലായി പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് ഏഴ് മാസത്തെ തടവും 1000 രൂപ പിഴയും വിധിച്ചു. എന്നാൽ കോഴിക്കോട് അഡീഷണല്‍ സെഷൻസ് കോടതിയിൽ നൽകിയ ഹര്‍ജിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയൽ നിയമ പ്രകാരമുള്ള കുറ്റം ഒഴിവായി. തുടർന്ന് ഹരജിക്കാരൻ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

അശ്ലീല പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയോ വിൽക്കുകയോ ചെയ്യാതെ കൈവശം വച്ചുവെന്ന ഒറ്റക്കാരണത്താൽ പ്രതിക്കെതിരെ അശ്ലീല പുസ്തകങ്ങളുടെ വിൽപന തടയൽ നിയമ പ്രകാരം കുറ്റം ചുമത്താനാവില്ലെന്ന് വിലയിരുത്തിയാണ് ഹർജിക്കാരനെ കോടതി വെറുതെ വിട്ടത്. യുവാക്കളെ വഴിതെറ്റിക്കുന്ന പ്രസിദ്ധീകരണങ്ങൾ തടയുന്നതിനുള്ള നിയമ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ യുവജനങ്ങളെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസിദ്ധീകരണമാവണം.

പിടിച്ചെടുത്തവ ആ ഗണത്തിൽ വരുന്നവയല്ലെന്നും കോടതി നിരീക്ഷിച്ചു. പരിശോധനാ സമയത്ത് കടയിൽ ഉണ്ടായിരുന്ന ആളെന്ന് കാട്ടിയാണ് ഹര്‍ജിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹരജിക്കാരൻ കട നടത്തുന്നയാളോ സെയിൽസ്‌മാനോ ആണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

click me!