മലാപ്പറമ്പ് സ്‌കൂള്‍: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

By Web DeskFirst Published May 27, 2016, 6:29 AM IST
Highlights

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചു പൂട്ടണമെന്ന് കഴിഞ്ഞ ജനുവരി 18ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 31 മുമ്പ് ഉത്തരവ് നടപ്പാക്കണം എന്നായിരുന്നു കോഴിക്കോട് സിറ്റി എഇഒയ്‌ക്ക് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നിര്‍ദ്ദേശം. എന്നാല്‍ ഉത്തരവ് നടപ്പാക്കത്തിനെ തുടര്‍ന്ന് മാനേജര്‍ പി കെ പത്മരാജന്, കോടതിയക്ഷ്യ ഹര്‍ജി നല്‍കി. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ പല തവണ എഇഒ കുസുമം സ്‌കൂളിലെത്തിയെങ്കിലും കനത്ത ജനകീയ പ്രക്ഷോഭം മുലം ഉത്തരവ് നടപ്പാക്കാനായില്ല. മാത്രമല്ല നടപടി സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ രണ്ടാഴ്ച കൂടി സാവകാശം ചോദിച്ചു. നിയമപരമായ മറ്റ് പോംവഴികള്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നായിരുന്നു ന്യായീകരണം. എന്നാല്‍ കോടതി ഇത് നിഷേധിച്ചു. നിയമപരമായി വഴികള്‍ സര്‍ക്കാരിന് തേടാം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ കോടതിയുടെ പ്രശ്‌നം ഉത്തരവ് എന്തു കൊണ്ട് നടപ്പാക്കിയില്ല എന്നതാണെന്ന് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. കോടതി വിധി  കര്‍ശനമായി നടപ്പാക്കണമെന്ന് ഏപ്രില്‍ ഏഴിന് പൊതുവിദ്യാഭ്യാസ ഡയറകടര്‍ ഉത്തരവിട്ടുണ്ട്. എന്നിട്ടും എന്തു കൊണ്ട് നടപ്പാകുന്നല്ല. സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണം. അതുണ്ടായിട്ടില്ല. പ്രതിഷേധം ഉണ്ടെങ്കില്‍ അത് കൈകാകര്യം ചെയ്യാന്‍ സര്‍ക്കാരിന് എല്ലാ വിധ സംവിധാനങ്ങളുമുണ്ട്. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നും, കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് ഉത്തരവിനായി ഇന്നുച്ചയ്ക്ക് ഒന്നേമുക്കാലിന് മാറ്റിവെക്കുകയായിരുന്നു.

click me!