
കൊച്ചി: എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ക്രമസമാധനം, ഭരണനിർവഹണം എന്നീ ചുമതലകളിൽ നിയമിക്കരുതെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥ നിയമനം സർക്കാരിന്റെ വിവേചനപരമായ അധികാരമാണെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചില്ല. വിജിലൻസ് തലപ്പത്ത് പുതുതായി ആരെയും നിയമിക്കാത്തതെന്തെന്നും കോടതി ചോദിച്ചു.
സംസ്ഥാന ട്രാൻസ്പോർട് കമ്മീഷണറായിരിക്കെ മോട്ടോർ വാഹനവകുപ്പിൽ നടത്തിയ നിയമനവും സ്ഥലമാറ്റവുമായി ബന്ധപ്പെട്ടാണ് വിജിലൻസ് അന്വേഷണം. ഇത് ചോദ്യം ചെയ്ത് എഎംവിഐ ആയ ശ്രീഹരി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ടോമിൻ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി തസ്തികയിൽ ഇരിക്കുമ്പോൾ നിക്ഷ്പക്ഷമായ അന്വേഷണം എങ്ങനെ ഉറപ്പാക്കാനാകുമെന്ന് കോടതി ചോദിച്ചു. ക്രമസമാധാനം, ഭരണനിർവഹണം പോലുളള ചുമതലകളിൽ തച്ചങ്കരിയെപ്പോലുളള ഉദ്യോഗസ്ഥനെ നിയമിക്കരുത്. ഉദ്യോഗസ്ഥ നിയമനം തങ്ങളുടെ വിവേചനാധികാരമാണെന്ന സർക്കാർ വാദം അഗീകരിക്കാനാകില്ല. നിയമനം നടത്തുന്പോൾ പൊതുതാൽപര്യം, ഉദ്യോഗസ്ഥരുടെ സംശുദ്ധി ഇവയെല്ലാം പരിഗണിക്കണമെന്ന് കോടതി ഓർമിപ്പിച്ചു. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്ന കാലത്ത് മോട്ടോർ വാഹനവകുപ്പിൽ യോഗ്യതയില്ലാത്തയാളെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം . ഇക്കാര്യത്തിൽ വിജിലിൻസിന്റെ ദ്രുതപരിശോധനാ റിപ്പോർട്ട് ഹാജരാക്കാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. വിജിലൻസ് തലപ്പത്ത് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. ഊർജിതമായ അന്വേഷണത്തിന് ഇത് അത്യാവശ്യമാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam