നവാസ് ഷെരീഫ് രാജിവെയ്ക്കേണ്ടെന്ന് പാക് മന്ത്രിസഭായോഗം

By Web DeskFirst Published Jul 13, 2017, 5:23 PM IST
Highlights

 

ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് രാജിവയ്ക്കേണ്ടതില്ലെന്ന് ഇസ്ലാമാബാദിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവാസ് ഷെരീഫും കുടുംബാംഗങ്ങളും അഴിമതി നടത്തിയെന്ന സംയുക്ത അന്വേഷണ റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഷെരീഫിന്റെ തീരുമാനം.

പാകിസ്ഥാനിൽ നവാസ് ഷെരീഫ് സർക്കാർ അടിയുലയുകയാണ്. പനാമാ പേപ്പർ വെളിപ്പെടുത്തലുകളെ തുടർന്ന് നവാസ് ഷെരീഫിനും കുടുംബത്തിനുമുള്ള വിദേശനിക്ഷേപം അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സംഘം സുപ്രീം കോടതി രൂപീകരിച്ചിരുന്നു. സമിതിയുടെ നാലാമത്തെ റിപ്പോർട്ടിൽ നവാസ് ഖത്തറിലും ദുബായിലെ ജബലലി ഫ്രീസോണിലും ഉൾപ്പടെയുള്ള നവാസ് ഷെരീഫിനും കുടുംബത്തിനുമുള്ള സ്വത്തിന്റെ വിവരങ്ങളുണ്ട്. ഈ സമ്പാദ്യത്തിനുള്ള വരുമാനം എന്തെന്ന് കൃത്യമായി വ്യക്തമാക്കാൻ ഷെരീഫ് കുടുംബത്തിനായില്ലെന്നും റിപ്പോർട്ടിലുണ്ട്. ദുബായിലെ ഒരു കമ്പനി പ്രതിമാസം 10000 ദിർഹം അതായത് 170,000 ഇന്ത്യൻ രൂപ ശമ്പളം 8 മാസം ഷെരീഫിനു നല്കിയിരുന്നു എന്നാണ് ഒരു വെളിപ്പെടുത്തൽ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നവാസ് ഷെരീഫ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷവും പാർട്ടിയിലെ എതിരാളികളും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പാക് മന്ത്രിസഭയുടെ അടിയന്തര യോഗം ഇസ്ലാമാബാദിൽ ചേർന്നു. നവാസ് ഷെരീഫ് അധികാരത്തിൽ തുടരണമെന്ന പ്രമേയം യോഗം പാസ്സാക്കി. ജെഐറ്റി റിപ്പോർട്ടിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. നാളെ വീണ്ടും മന്ത്രിസഭാ യോഗം വിളിച്ചിരിക്കുന്ന നവാസ് ഷെരീഫ് എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. നവാസ് ഷെരീഫ്, മകൾ മരിയം ഷരീഫ്, മരുമകൻ ക്യാപ്റ്റൻ മൊഹമ്മദ് സഫ്ദർ എന്നിവർക്കെതിരെ സംയുക്ത അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.

click me!