അടുത്തമാസം മുതല്‍ മെട്രോയില്‍ 5 പുതിയ സ്റ്റേഷനുകള്‍; നാളെ ട്രയല്‍ റണ്‍

By Web DeskFirst Published Jul 13, 2017, 3:21 PM IST
Highlights

കൊച്ചി മെട്രോ പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് വരെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നു. സ‍ര്‍വീസിന്റെ ആദ്യ ട്രയല്‍ റണ്‍ നാളെ നടക്കും. മെട്രോയുടെ ഉദ്ഘാടനം പിന്നിട്ട് ഒരു മാസം തികയുമ്പോഴാണ് ആദ്യഘട്ടത്തിന്റെ രണ്ടാം ഭാഗം യഥാര്‍ത്ഥ്യമാകുന്നത്. മഹാരാജാസ് വരെയുള്ള സര്‍വീസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.

മെട്രോയുടെ ആദ്യഘട്ടം മഹാരാജാസ് വരെയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നില്ല.തുടര്‍ന്ന് ഓഗസ്റ്റ് അവസാനത്തോടെ മഹാരാജാസ് വരെയുള്ള സര്‍വീസിന് മെട്രോ തയ്യാറാകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് നാളെ ആദ്യ പരീക്ഷണ ഓട്ടം നടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളേജ് എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. സര്‍വീസ് മഹാരാജാസ് വരെയെത്തുമ്പോള്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളൊല്ലാം തന്നെ മെട്രോയ്‌ക്ക് കീഴിലാകും. നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍, മഹാരാജാസ് ഗ്രൗണ്ട്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, കലൂര്‍ സ്റ്റാന്റ് എന്നിവിടങ്ങിലേക്കുള്ള  യാത്രയ്‌ക്ക് മെട്രോ  വേഗമാകും. 

പരീക്ഷണം വിജയകരമായാല്‍ സെപ്തംബറോടെ മെട്രോ സര്‍വീസിന് സജ്ജമാകുമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ കണക്കുകൂട്ടല്‍. നാളെ ഒരു ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. പരീക്ഷണ ഓട്ടം വിജയകരമായാല്‍ വേഗത കൂട്ടി അടുത്ത ദിവസം വീണ്ടും ട്രയല്‍ റണ്‍ നടത്തും. ഇതിനു ശേഷമായിരിക്കും കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം. ഇത് വിജയിച്ചാല്‍ ട്രെയിനില്‍ ഭാരം കയറ്റിയുള്ള ട്രയല്‍ നടത്തും. ശേഷം റെയില്‍വേ സുരക്ഷാ അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ കൂടിയായാല്‍ മെട്രോ യാത്ര തുടങ്ങും.

click me!