
കണ്ണൂര്‍: തലപോയ തെങ്ങുകളുടെ ഗ്രാമമാണ് കണ്ണൂർ ജില്ലയിലെ വെണ്ടോട്. പുഴയിൽ നിന്ന് ഉപ്പുവെളളം കയറി ഇവിടെ നശിച്ചത് ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ തെങ്ങുകളാണ്. ലക്ഷക്കണക്കിന് രൂപയാണ് കർഷകരുടെ നഷ്ടം. ഉപജീവനമാർഗം അടഞ്ഞതോടെ പ്രദേശത്തെ ചെത്തുതൊഴിലാളികളും പ്രതിസന്ധിയിലായി. കണ്ണാടിപ്പറമ്പിലെ ബാലേട്ടൻ.വെണ്ടോട്ടെ തെങ്ങിൻതോപ്പുകളിൽ കളളുചെത്തി ജീവിച്ച ബാലേട്ടനിപ്പോൾ കൂലിപ്പണിക്കാരനാണ്. കാട്ടാമ്പളളിപ്പുഴയിലെ ഉപ്പുവെളളം കയറി തെങ്ങുകളെല്ലാം ഒന്നൊന്നായി കൂമ്പടഞ്ഞപ്പോൾ ജീവിതം വഴിമുട്ടിയവരിൽ ഒരാളാണ് ബാലേട്ടന്‍.
നാറാത്ത് ഗ്രാമപഞ്ചായത്തിലെ വെണ്ടോട് തലപോയതെങ്ങുകൾ ആയിരക്കണക്കിനാണ്. ഒരു കാലത്ത് ജില്ലയിൽ ഏറ്റവുമധികം തെങ്ങുകൃഷിയുളള പ്രദേശമായിരുന്നു ഇവിടം. കാട്ടാമ്പളളി റെഗുലേറ്ററി കം ബ്രിഡ്ജിനപ്പുറത്തേക്ക് ഉപ്പുവെളളം കയറാത്ത സമയത്താണ് കർഷകർ ഇവിടങ്ങളിൽ കൃഷി തുടങ്ങിയത്. എന്നാൽ 2009ൽ ബണ്ട് തുറന്ന് ഉപ്പുവെളളം വീണ്ടും കയറാൻ തുടങ്ങിയതോടെ പ്രതിസന്ധിയായി.
ഏക്കറുകണക്കിന് തോട്ടം ലക്ഷങ്ങൾ മുടക്കി പാട്ടത്തിനെടുത്ത് വരുമാനം കണ്ടെത്തിയവരും ബാലേട്ടനപ്പോലെ ചെത്തുതൊഴിലാളികളുമാണ് ഇതോടെ വിഷമത്തിലായത്. ഉപ്പുവെളളം കയറിയ ഭൂമിയിൽ മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായി. ശുദ്ധജല പ്രദേശങ്ങളിൽ ഉപ്പുവെളളം കയറാതിരിക്കാൻ ബണ്ട് കെട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നടപടിയുണ്ടായില്ല.നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കർഷകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam