മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറന്നു; തമിഴ്നാട് വെള്ളമെടുത്ത് തുടങ്ങി

By Web DeskFirst Published Jul 15, 2016, 5:37 AM IST
Highlights

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കാർഷികാവശ്യത്തിനായി തമിഴ്നാട് വെള്ളമെടുത്തു തുടങ്ങി. ജലനിരപ്പ് കുറവായതിനാൽ സാധാരണ ജൂൺ മാസത്തിൽ തുറക്കുന്ന ഷട്ടർ ഇത്തവണ 45 ദിവസത്തോളം വൈകിയാണ് തുറന്നത്. 119.3അടി വെള്ളമാണ് അണക്കെട്ടിലിപ്പോഴുളളത്. തേനി ജില്ലയിലെ കമ്പം വാലി മേഖലയിലുള്ള 14707 ഏക്കർ സ്ഥലത്താണ് മുല്ലപ്പെരിയാർ വെള്ളം ഉപയോഗിച്ച് നെൽക്കൃഷി ചെയ്യുന്നത്.

ഉത്തമപാളയം, തേനി, ബോഡിനായ്ക്കന്നൂർ എന്നീ താലൂക്കുകളിലാണ് ഈ പാടങ്ങൾ.  ജൂൺ ആദ്യവാരം തന്നെ മുല്ലപ്പെരിയാറിൽനിന്നും കൃഷിക്കായി വെള്ളം തുറന്നു വിടാറുള്ളതാണ്. എന്നാലിത്തവണ ജലനിരപ്പിൽ കാര്യമായ വർദ്ധനവുണ്ടാകാഞ്ഞതാണ് വെള്ളം കൊണ്ടു പോകുന്നത് വൈകാൻ കാരണം.  കേരളത്തിൽ മഴ പെയ്യുന്നതിനാൽ നെൽക്കൃഷിക്കായി വെള്ളം തുറന്നു വിടണമെന്ന് കർഷകർ തമിഴ്നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് വെള്ളം തുറന്നു വിടാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. തേനി ജില്ലാ കളക്ടർ വെങ്കിടാചലം, ആണ്ടിപ്പെട്ടി എംഎൽഎ തങ്ക തമിഴ് ശെൽവൻ എന്നിവരെത്തിയാണ് ഷട്ടർ തുറന്നത്.  കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക പൂജകളും നടത്തി. വെള്ളം കുറവായതിനാൽ കുറഞ്ഞ കാലം കൊണ്ട് വിളവു തരുന്ന നെല്ലു നടാനാണ് കർഷകരുടെ തീരുമാനം. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ വെള്ളം തുറന്നു വിടണമെന്ന് പൊതു മരാമത്തു വകുപ്പിനോട് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

click me!