നോക്കുകൂലി നിരോധിച്ചിട്ടും തൃശൂരില്‍ ചുമട്ടുതൊഴിലാളികള്‍ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതായി ആരോപണം

By Web DeskFirst Published May 16, 2018, 11:09 AM IST
Highlights
  • നോക്കുകൂലിയ്ക്ക് പകരം മറ്റ് പേരുകളിലാണ് തുക ഈടാക്കുന്നത്
  • കാപ്പിക്കാശെന്ന പേരിലുളള നിര്‍ബന്ധിത പിരിവും നടത്തുന്നു

തൃശൂര്‍: സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചിട്ടും തൃശൂര്‍ നഗരത്തില്‍ ചുമട്ടുതൊഴിലാളികള്‍ ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നതായി വ്യാപാരികളുടെ ആരോപണം‍. നോക്കുകൂലിയ്ക്ക് പകരം മറ്റ് പേരുകളിലാണ് തുക ഈടാക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്ന് തൃശൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു

സാധാരണ 400 ചാക്ക് അരിയുളള ഒരു ലോഡ് ഇറക്കാൻ 3600 രൂപയാണ് കൂലി. അതായത് ഒരു ചാക്കിന് 9 രൂപ. എന്നാല്‍ തൃശൂര്‍ നഗരത്തിലെ മാര്‍ക്കറ്റുകളില്‍ ഒരു ലോറിയിലെ 400 ചാക്കുളള ലോഡില്‍ നിന്ന് 100 ചാക്ക് ഇറക്കിയാലും മുഴുവൻ ചാക്കും ഇറക്കിയതിൻറെ കൂലിയും മറികൂലിയും നല്‍കണം. നോക്കൂകൂലി നിരോധിച്ചിട്ടും ഇവിടെ ഇങ്ങനെയേ നടക്കൂവെന്നാണ് തൊഴിലാളികളുടെ നിലപാടെന്ന് വ്യാപാരികള്‍ പറയുന്നു.

ഇതിനു പുറമെ മറ്റിടങ്ങളിലില്ലാത്ത കാപ്പിക്കാശെന്ന പേരിലുളള നിര്‍ബന്ധിത പിരിവും നടത്തുന്നതായി വ്യാപാരികള്‍ പരാതിപ്പെടുന്നു. ഒരു ചാക്കിന് ഒരു രൂപ വീതമാണ് കാപ്പിക്കാശ് ഈടാക്കുന്നത്. ലോറി ഡ്രൈവര്‍മാരില്‍ നിന്നാണ് കാപ്പിക്കാശ് ഈടാക്കുന്നത് എന്നതിനാല്‍ അതുകൂടി കൂട്ടിയാണ് അവര്‍ ലോറി വാടക കണക്കാക്കുന്നത്. ലോറിയില്‍ 50 ചാക്കിലേറെ ചരക്കു കയറ്റുന്നതിന് കെട്ടുകാശ് എന്ന പേരിലും തുക ഈടാക്കുന്നുണ്ട്.

നോക്കുകൂലി നിരോധിച്ചതു പോലെ മറ്റ് പേരുകളിലുളള അനധികൃത പണപിരിവ് നിര്‍ത്തലാക്കാൻ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ അങ്ങനെയൊരു പരാതി ശ്രദ്ധയില്‍പെട്ടിട്ടല്ലെന്നാണ് വിവിധ തൊഴിലാളി യൂണിയനുകളുടെ വിശദീകരണം.

click me!