
തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിച്ചു എന്ന് പറയുന്പോഴും, അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നതിനെ സർക്കാർ ഗൗരവമായി കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. അട്ടപ്പാടിയിലെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവഗണനയുടെ അട്ടപ്പാടിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്താപരമ്പരയെ തുടർന്നാണ് തീരുമാനം അവഗണനയുടെ അട്ടപ്പാടി
അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കൾ. സംസ്ഥാന ശരാശരിയേക്കാൾ ശിശുമരണങ്ങൾ അട്ടപ്പാടിയിൽ സംഭവിക്കുന്ന പശ്ചാത്തലം. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികളുടെ പക്ഷം. എന്നാൽ നവജാത ശിശുപരിപാലത്തിലുൾപ്പെടെ പല ആദിവാസികൾക്കും വീഴ്ചയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഈ അവസരത്തിലാണ് ആരോഗ്യവകുപ്പ് സമഗ്രമായ പദ്ധതി തയ്യാറാക്കുന്നത്. ഗർഭിണികൾക്കും അമ്മമാർക്കും പ്രത്യേക ബോധവത്കരണവും ചികിത്സയും ഉറപ്പാക്കും. പ്രസവശേഷം ആശുപത്രിയിൽ നിന്ന് വീടുകളിലെത്തുമ്പോഴും ഇതിന്റെ തുടർച്ച ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി. ആവർത്തിക്കുന്ന നവജാത ശിശുമരണമുൾപ്പെടെ പഠിക്കാൻ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
മുൻവർഷങ്ങളിൽ നിന്ന് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരാൻ നിരന്തര ഇടപെടലുകൾക്ക് കഴിഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകുന്ന ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനായുളള പുനരധിവാസ കേന്ദ്രങ്ങൾക്കും പ്രാധാന്യം നൽകുന്ന സമഗ്ര പാക്കേജ് ഉടൻ അട്ടപ്പാടിയിൽ പ്രാവർത്തികമാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam