സ്വാശ്രയ കേസിലെ വിധി കുട്ടികളുടെ ഭാവിയെ ബാധിക്കും: ആരോഗ്യമന്ത്രി

By Web TeamFirst Published Sep 6, 2018, 10:08 AM IST
Highlights

നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശന കേസിലെ സുപ്രീംകോടതി വിധി കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളുടെ ഭാവി പരിഗണിച്ചാണ് നാല് കോളേജുകൾക്കും അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചത്. കോടതി വിധി മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകിയ ഹര്‍ജിയിലാണ് ഇന്ന് സുപ്രീംകോടതി വിധി പറയുക. നാലിടത്തെയും പ്രവേശന നടപടികൾ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പ്രവേശനം അസാധുവാക്കിയാൽ സ്പോട്ട് അഡ്മിഷൻ വീണ്ടും നടത്തേണ്ടിവരും. 

ഡി.എം.വയനാട്, തൊടുപുഴ അൽ അസര്‍, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആർ എന്നീ മെഡിക്കൽ കോളേജുകളിലെ 550 സീറ്റിലേക്കുള്ള പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഹൈക്കോടതി നി‍ർദ്ദേശ പ്രകാരമായിരുന്നു പ്രവേശന പരീക്ഷാ കമ്മീഷണർ ഈ കോളേജുകളെ സ്പോട്ട് അഡ്മിഷനിൽ ഉൾപ്പെടുത്തിയത്. ഈ നാലു കോളേജുകളിലും മറ്റ് കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും നടന്ന സ്പോട്ട് അഡ്മിഷൻ ആകെ പ്രതിസന്ധിയിലായി. 

715 മെഡിക്കൽ സീറ്റുകളിലേക്കായിരുന്നു സ്പോട്ട് അഡ്മിഷൻ. നാലുകോളേജുകളിലെ വിദ്യാർത്ഥികളെ മാത്രമായി പുറത്താക്കിയാലും പ്രശ്നം തീരില്ല. സർക്കാർ കോളേജിലെ ബിഡിഎസ് സീറ്റ് വേണ്ടെന്ന് വെച്ച് ഈ നാലു കോളേജുകളിൽ എംബിബിഎസ് പ്രവേശനം നേടിയവരുണ്ട്. പഴയ നിലയിലേക്ക് ഒഴിവുകൾ മാറ്റി വീണ്ടും സ്പോട്ട് അഡ്മിഷൻ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടേക്കാം.കോടതി പ്രവേശനം അസാധുവാക്കിയാൽ ചൊവ്വ, ബുധൻ തിയ്യതികളിൽ നടന്ന സ്പോട്ട് അഡ്മിഷൻ മുഴുവൻ റദ്ദാക്കി. ആദ്യം മുതൽ വീണ്ടും പ്രവേശന നടപടി തുടങ്ങാനും സാധ്യതയുണ്ട്. എല്ലാം പത്താം തിയ്യതിക്കുള്ളിൽ പൂർത്തിയാക്കണം. പ്രളയം കണക്കിലെടുത്താണ് മെഡിക്കൽ കൗൺസിൽ കേരളത്തിലെ പ്രവേശന നടപടി പത്ത് വരെ നീട്ടിയത്. 

click me!