മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു; അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് വിലക്ക്

By Web TeamFirst Published Jul 31, 2018, 11:30 PM IST
Highlights

മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി. അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. 

കൊച്ചി: മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി. അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. എറണാകുളത്ത് പെരിയാറിന്‍റെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നല്‍കി.

മലയോരങ്ങളിലും തീരമേഖലയിലുമാണ് കാലവർഷം കനത്ത നാശം വിതച്ചത്. മീനച്ചിലാറ്റിൽ ജനനിരപ്പുയർന്നു. നക്രല്‍ പുതുവല്‍ കോളനിയിലെ  48 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പാലാ രാമപുരത്ത് മുരിക്കാട് ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. ഒരാൾക്ക് പരിക്കുണ്ട്. ചെങ്ങന്നൂരിലെ പുലിയൂരിൽ മണ്ണിടിഞ്ഞ് വീടിന്‍റെ ശുചിമുറി തകർന്നു. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെല്ലാം ഇടവിട്ട കനത്ത മഴ പെയ്യുന്നുണ്ട്. തൃശ്ശൂർ വാഴാനി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്തെത്തി. തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദേശം നൽകി. ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നാൽ എറണാകുളം ജില്ലയിലെ 54 പഞ്ചായത്തുകളെ ബാധിക്കും.

ഇത് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. 169 അടി സംഭരണ ശേഷിയുള്ള ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 167 അടിയോടടുക്കുന്നു. പെരിയാറിന്‍റെ തീരത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത യോഗം വിളിച്ച് സ്ഥിതി വിലയിരുത്താൻ ആവശ്യപ്പെട്ടതായി മന്ത്രി കെ ടി ജലീൽ പറഞ്ഞു.

ആലപ്പുഴയുടെ തീരമേഖലയിൽ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. സര്‍ക്കാര്‍ തീരവാസികളെ അവഗണിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് വ്യാഴാഴ്ച ജില്ലയിലെ തീരപ്രദേശങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

click me!