
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മറ്റന്നാൾ വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നും മൺസൂൺ സംസ്ഥാനത്ത് ശക്തിപ്രാപിച്ചെന്നും കനത്തമഴയ്ക്ക് കാരണം ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കി.മി വരെ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക
കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് (31 /07/2018) ഉച്ചക്ക് 2 മണിമുതൽ അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്.
ട്രെയിനുകൾ വൈകുന്നു
കനത്ത മഴയില്‍ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്സ്പ്രസ് 12.30നും പുറപ്പെട്ടില്ല. തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നത് മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.
തിരുവനന്തപുരത്ത് കനത്ത മഴ, സ്കൂളിന് അവധി, വീടുകള്‍ തകര്‍ന്നു
മഴ ശക്തമായതോടെ തിരുവനന്തപുരം ജില്ലയിൽ 29 വീടുകൾ ഭാഗികമായി തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 17 വീടുകളും കാട്ടാക്കടയിൽ 10 വീടുകളും നെടുമങ്ങാട് രണ്ട് വീടുകളുമാണ് തകർന്നത്. മഴയിൽ ചെങ്ങന്നൂരിലെ പുലിയൂരിൽ മണ്ണിടിഞ്ഞു. ഒരു വീടിന്റെ ശുചിമുറി തകർന്നു. തിരുവനന്തപുരത്തെ പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.
തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറുന്നു. മലയോര മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കഴിഞ്ഞ 12 മണിക്കൂറായി തുടരുന്ന മഴ കാരണം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ വാസുകി മുന്നറിയിപ്പു നല്‍കി. കൊല്ലത്ത് കൊട്ടാരക്കര, കുന്നത്തൂര്‍, കൊല്ലം താലൂക്കുകളില്‍ മഴ തുടരുകയാണ്. അപ്പര്‍ കുട്ടനാട്ടിലും മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്‍റെ ഷട്ടറുകളും തുറക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലയിടത്തും മരം കടപുഴകി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
കോട്ടയത്ത് മീനച്ചിലാറില്‍ ജലനിരപ്പുയര്‍ന്നു, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കോട്ടയം ജില്ലയിൽ പുലർച്ചെ മുതൽ ഇടവിട്ട് ശക്തമായ മഴ പെയ്യുകയാണ്. മലയോര മേഖലകളിലെ മഴ മൂലം മീനച്ചിലാർ ,കൊടുരാർ എന്നിവിടങ്ങളൽ ജലനിരപ്പ് ഉയർന്നു. കനത്ത മഴയെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കില്‍ ഇന്ന് ദുരിതാശ്വാസ ക്യാമ്പും തുറന്നു. നക്രല്‍ പുതുവല്‍ കോളനിയിലെ 48 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
പാല രാമപുരത്ത് മുരിക്കാട് ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. കണ്ണിന് പരിക്കേറ്റ കുംടുംബാംഗം സിജോ ജോയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്ടും ശക്തമായ മഴ, പൊന്നാനിയല്‍ കടല്‍ ക്ഷോഭം രൂക്ഷം
മലപ്പുറത്ത് രാവിലെ മഴയ്ക്ക് ശമനമുണ്ടെങ്കിലും നിലമ്പൂരടക്കമുള്ള പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. കോഴിക്കോട് താമരശ്ശേരി, കോടഞ്ചേരി എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വടകരയടക്കമുള്ള ചില പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം തുടരുകയാണ്. പാലക്കാട് ജില്ലയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മലമ്പുഴ, പോത്തൂണ്ടി ഡാമുകള്‍ ഏതു സമയവും തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളിയിൽ സഞ്ചാരികൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തി. വിനോദ കേന്ദ്രം അടച്ചു.
ഇടുക്കിയില്‍ മഴ തുടരുന്നു, അണക്കെട്ടില്‍ ജലനിരപ്പുയരുന്നു
ഇടുക്കിയില്‍ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 2395.38 അടി ആണ് നിലവിലെ ജലനിരപ്പ്. 2395 അടി എത്തിയപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കാനുള്ള ട്രെയല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി. 2399 അടിയിലേക്ക് ജലനിരപ്പെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷട്ടര്‍ തുറന്നാലുള്ള അടിയന്തിര സാഹചര്യം നേരിടാനും മുന്നറിയിപ്പു നല്‍കാനുമായി ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറന്നാല്‍ ഒഴുകി വരാനുള്ള സൗകര്യത്തിനായി അടഞ്ഞു കിടക്കുന്ന കനാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ആയിരം പൊലീസ് അടങ്ങുന്ന സംഘം സുരക്ഷയൊരുക്കാന്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam