കനത്ത മഴ തുടരുന്നു: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജാഗ്രതാ നിര്‍ദേശം

By Web DeskFirst Published Sep 17, 2017, 10:32 AM IST
Highlights

പാലക്കാട്: സംസ്ഥാനത്ത് ഇന്നലെ മുതല്‍  തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് രണ്ടിടങ്ങളിലായി ഉണ്ടായ  ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു.  മൂന്നാം ക്ലാസുകാരി ആതിരയാണ് മരിച്ചത്. വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചത്. ജെല്ലിപാറയിലെ അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് വെള്ളക്കെട്ടില്‍ വീണത്. പാലക്കാട് അട്ടപ്പാടി ആനക്കല്ലിലും ജെല്ലിപാറയിലുമാണ് ഉരുള്‍പൊട്ടിയത്. വ്യാപകമായ  കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉള്‍പ്രദേശമായതിനാല്‍ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

പാലക്കാട് അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലും ഇന്നലെ  മണ്ണിടിഞ്ഞു വീണിരുന്നു. പാലക്കാടും കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലെടങ്ങളിലെയും അണക്കെട്ടുകള്‍ നിറയുകയാണ്. ഇടുക്കി അണക്കെട്ട് പകുതി നിറഞ്ഞു. കോഴിക്കോട് താമരശേരി, കുറ്റ്യാടി ഭാഗങ്ങളിലും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മലയോര-തീരദേശത്ത് പോകുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. 
കോട്ടയം- ചങ്ങനാശ്ശേരി റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണ് റെയില്‍ ഗതാഗതം നഷ്ടപ്പെട്ടെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു. എന്നാല്‍ വേഗം കുറച്ചാണ് ട്രയിനുകള്‍ കടത്തി വിടുന്നത്.  അതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതേ തുര്‍ന്ന് കെ എസ് ആര്‍ടിസി കൂടുതല്‍ സ്‌പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. കോട്ടയം- തിരുവനന്തപുരം റൂട്ടിലാണ് കൂടുതല്‍ ബസുകള്‍ അനുവദിച്ചത്.  എറണാകുളം ജനറല്‍ ആശുപത്രിക്ക് മുകളില്‍ മരം വീണു. മഹാരാജാസ് കോളേജില്‍ നിന്ന മരമാണ് റോഡിന് കുറുകെ വീണത്. രോഗികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപേര്‍ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. അഗ്നിശമനസേന എത്തി മരം മുറിച്ചു മാറ്റി.

 മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്തും വെള്ളക്കെട്ടുകള്‍  രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അതേസമയം 19ന് രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തമായ മേഘസാന്നിധ്യമുണ്ട്. രാജ്യത്തൊട്ടാകെ അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടംകൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും   മഴ പെയ്തു. തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍   മഴയാണ് പെയ്തത്.

സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ രണ്ട് വരെ സെന്റിമീറ്റര്‍ മഴ പെയ്തു. സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ ഏകദേശം 155 സെന്റിമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞതോടെയാണ് പത്തനംതിട്ട സംസ്ഥാനത്തെ കാലവര്‍ഷക്കണക്കില്‍ ഒന്നാം സ്ഥാനം നേടിയത്. 

click me!