കനത്ത മഴ: 33 ഡാമുകള്‍ തുറന്നു; വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു

By Web TeamFirst Published Aug 15, 2018, 9:20 AM IST
Highlights

സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 33 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മാത്രം നാല് മരണമാണ് സംഭവിച്ചത്. ഭൂരിഭാഗവും നദികളും കരകവിഞ്ഞൊഴുകുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 33 ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. പെന്മുടി, അതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളാണ് അടച്ചത്.

മഴ ശക്തമായതോടെ ചാലക്കുടിപ്പുഴയിലെ ഡാമുകള്‍ വീണ്ടും ഒരുമിച്ച് ഉയര്‍ത്തി. അപ്പര്‍ഷോളയാര്‍, പറമ്പിക്കുളം തുടങ്ങി തമിഴ്നാട്ടിലെ ഡാമുകളും തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളമെത്തുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് ചാലക്കുടിപ്പുഴയോരത്തെ ആളുകളെ വീണ്ടും ആശങ്കയിലായി. ഈ സീസണില്‍ ആറോളം തവണ ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകിയിരുന്നു. നീരൊഴുക്ക് ഇനിയും വര്‍ധിച്ചാല്‍ പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കാം. സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മൂന്നാം തവണയാണ് ഇപ്പോള്‍ അടയ്ക്കുന്നത്. വിരിപ്പാറയിൽ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സംവിധാനമില്ല.

അതിരപ്പിള്ളിയിലും വാഴച്ചാലിലും വെള്ളം അധികമാകുമ്പോള്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ വനപാലകരും വനസംരക്ഷണസമിതിയും ഉണ്ടെങ്കിലും അപകടകരമായ ഇവിടെ മുന്നറിയിപ്പ് നല്‍കാനോ നിയന്ത്രിക്കാനോ അധികൃതരില്ല എന്നത് ആശങ്ക ഉയര്‍ത്തുന്നു. ഒറ്റപ്പെട്ട വീടുകളും റിസോര്‍ട്ടുകളും ഉള്ള ഇവിടെ റോഡും പരിസരവും വിജനമാണ്. അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനും ആരുമില്ല. സാധാരണഗതിയില്‍ അധികം കാലുഷ്യങ്ങളില്ലാതെ ഒഴുകുന്ന ചാലക്കുടി പുഴയുടെ വശ്യഭംഗി കണ്ട് ഇറങ്ങുന്നവര്‍ അപകടത്തെ വിളിച്ചുവരുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാറിലും മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിടത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടി. ദുരന്തബാധിതമേഖലകളിലെ ആളുകളെ മാറ്റിപാര്‍പ്പിച്ചു. ആനക്കാംപൊയില്‍,മറിപ്പുഴ പ്രദേശങ്ങളില്‍ മൂന്നാംതവണയും ഉരുള്‍പൊട്ടി. വയനാട് ബാണാസുരസാഗറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നു. തിരുവനന്തപുരത്തെ മലയോര പ്രദേശങ്ങളില്‍ കനത്തമഴ. പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം പൂര്‍ണമായും അടച്ചു. പൊന്‍മുടി, വിതുര എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും  വെള്ളത്തിനടിയിലായി. ചിറ്റാര്‍ പാലത്തില്‍ വെള്ളംകയറിയതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. കല്ലാര്‍ നിറഞ്ഞു കവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരയിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

click me!