കനത്ത മഴ; ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു

By Web deskFirst Published Nov 30, 2017, 11:53 AM IST
Highlights

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും പാറശ്ശാലയിലെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്ന് വീണത്. വേദിയുടെ ഷീറ്റ് പൊളിഞ്ഞ് വീണ് വേദികള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. വേദിയ്ക്ക് തൊട്ടടുത്ത മരത്തിലെ കൊമ്പ് ഒടിഞ്ഞ് വീണു. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

മഴ ശക്തമായതിനാല്‍ വേദികള്‍ക്ക് നാശം സംഭവിക്കുമെന്ന ആശങ്ക അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടായിരുന്നു. ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടര്‍ന്നതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. മഴ ശക്തമായതോടെ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. 
 

ഇന്നലെ മുതല്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നാളെ രാവിലെ വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഡിസംബര്‍ 1 വരെ മഴ തുടര്‍ന്നേക്കുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി.

സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജില്ലകളിലെ വനമേഖലകളിലും നെയ്യാര്‍ മേഖലയുടെ വിഷ്ടി പ്രദേശത്തും മഴ തുടരുന്നതിനാല്‍ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍യ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മുഴുവന്‍ ഷട്ടറുകളും അഞ്ചടിയോളമാണ് തുറന്നത്. ഇതേ തുടര്‍ന്ന് ഡാമിന് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

click me!