
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. വൈറ്റില, ചമ്പക്കര, കടവന്ത്ര, കുണ്ടന്നൂർ, മരട്, അമ്പലമുകൾ മേഖലകളിൽ കനത്ത പുക വ്യാപിക്കുകയാണ്. നാട്ടുകാർക്ക് ശ്വാസതടസ്സവും കണ്ണെരിച്ചിലും അനുഭവപ്പെടുന്നുണ്ട്.
ബ്രഹ്മപുരം പ്ലാന്‍റിലെ തീ ഇനിയും കെടുത്താനായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടരുകയാണ്. നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചിയിൽ വൻ തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസം മാത്രം നാല് തവണ മാലിന്യക്കൂമ്പാരങ്ങൾക്ക് മേൽ തീ പടർന്നു.
ഇന്നലെ രാത്രിയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്. പ്ലാന്‍റിന്‍റെ ഒരറ്റത്ത് നാല് ഭാഗത്തു നിന്നും തീ പടർന്ന് പിടിക്കുകയായിരുന്നു. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവുമായി.
Read More: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തുടർച്ചയായി തീപിടുത്തം; അട്ടിമറി സംശയമുന്നയിച്ച് മേയർ
അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്. ഈ നിലപാട് തന്നെയാണ് മേയർ സൗമിനി ജയിനും ആവർത്തിക്കുന്നത്. എന്നാൽ സുരക്ഷ ഉറപ്പാക്കാതെ ഇനി ബ്രഹ്മപുരത്ത് മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ച് വളരെ പെട്ടെന്ന് തന്നെ പരിസരമാകെ പടർന്നതിൽ ദുരൂഹതയുണ്ടെന്ന് അഗ്നിശമന സേനയും പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam