നന്ദിയോടെ കേരളം; മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വീണ്ടും സഹായമൊഴുകുന്നു

By Web TeamFirst Published Aug 22, 2018, 3:33 PM IST
Highlights

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നു

തിരുവനന്തപുരം: മഹാപ്രളയത്തെ തോല്‍പ്പിച്ച് മുന്നേറാനുള്ള അതിജീവനത്തിന്‍റെ പോരാട്ടം നടത്തുകയാണ് കേരളം. ദുരിതം നല്‍കാനെത്തിയ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട മലയാളി സമൂഹത്തെ രാജ്യമൊട്ടാകെ അഭിനന്ദിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടപ്പോള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാനായി മുന്നോട്ട് വന്നു. ഒട്ടുമിക്ക സംസ്ഥാനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി. ഇപ്പോള്‍ അത് വീണ്ടും വര്‍ധിക്കുകയാണ്.

സാമ്പത്തികമായി സഹായിക്കുന്നതിന് പുറമെ ഭക്ഷ്യധാന്യങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തു. ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാ എന്നിവരാണ് ഏറ്റവും പുതിയതായി സഹായ പ്രഖ്യാപനവുമായി എത്തിയത്. തെലുങ്കാനയിൽ നിന്നും 500 മെട്രിക് ടൺ അരി കേരളത്തിലേക്ക് അയച്ചു കഴിഞ്ഞു.

ഛത്തീസ്ഗഡില്‍ നിന്ന് 2500 ടൺ അരിയും ആന്ധ്രയില്‍ നിന്ന് 2000 ടൺ അരിയും പ്രളയക്കെടുതിയില്‍ നിന്ന് കരകയറാനുള്ള സഹായമായി കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവര്‍ക്ക് നന്ദി അറിയിക്കുന്നതായും ഫേസ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു. നേരത്തെ തമിഴ്നാടും കേരളത്തിന് അരി നല്‍കിയിരുന്നു. കൂടാതെ, മഹാരാഷ്‍ട്രയില്‍ നിന്ന് മെഡിക്കല്‍ സംഘത്തെ അയ്ക്കുകയും ചെയ്തിരുന്നു. 

 

click me!