കര്‍ഷകരെ ഹൈടെക്കാക്കി കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍

Published : Dec 25, 2017, 03:42 PM ISTUpdated : Oct 05, 2018, 12:26 AM IST
കര്‍ഷകരെ ഹൈടെക്കാക്കി കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍

Synopsis

കോഴിക്കോട്: വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ കര്‍ഷകര്‍ക്കും ഉപയോഗപ്പെടുത്താനാകുമെന്ന് തെളിയിക്കുകയാണ് ഈ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍. സൈബര്‍ കാലത്തെ കര്‍ഷകരും കൃഷിയും ഹൈടെക്ക് ആ കണമെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള പരിശ്രമത്തിലാണ് കോടഞ്ചേരി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് പാലക്കോട്ടില്‍. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളായ വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവക്കൊപ്പം ബ്ലോഗും ഒരുക്കിയാണ് കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകള്‍ കൈമാറാന്‍ മിഷേന്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. 

ഒരു വര്‍ഷമായി കോടഞ്ചേരി കൃഷി ഭവനില്‍ പ്രവര്‍ത്തന സജ്ജമാകുന്ന മിഷേലിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി മാത്രം ഇപ്പോള്‍ രണ്ട് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. കൃഷി ഭവനിലെ കാര്‍ഷിക അറിയിപ്പുകളും ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും തത്സമയം അറിയിക്കുന്നതിനൊപ്പം കര്‍ഷകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും തത്സമയം ഇതിലൂടെ ലഭിക്കും. കുന്നും മലമ്പ്രദേശങ്ങളും അടങ്ങിയ കോടഞ്ചേരി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി കൃഷി ഭവനിലെത്തി ലഭിക്കേണ്ട പല അറിവുകളും ഇത്തരം സംവിധാനത്തിലൂടെ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിന് പുറമെ വിളകള്‍ക്ക് ഉണ്ടാകുന്ന രോഗ, കീടബാധകള്‍, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പരിഹാരം കര്‍ഷകര്‍ക്ക് ലഭിക്കും. കാര്യങ്ങള്‍ വ്യക്തമാകുന്ന വിളയുടെ ഒരു ഫോട്ടോ സഹിതം ഗ്രൂപ്പില്‍ ചോദിച്ചാല്‍ ഞൊടിയിടയില്‍ പരിഹാരം ലഭിച്ചിരിക്കും. കോടഞ്ചേരിയിലെ ഓരോ വാര്‍ഡിലേയും കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേകം പ്രത്യേകം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി വിവര സാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങള്‍ മുഴുവന്‍ കര്‍ഷകരിലും എത്തിക്കാനുള്ള ശ്രമത്തിലാണ് മിഷേല്‍. ഇതിന് പുറമെ കോടഞ്ചേരി കൃഷി ഭവനിനു വേണ്ടി ഒരു ബ്ലോഗ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇദ്ദേഹം തുടങ്ങി കഴിഞ്ഞു. ബ്ലോഗ് യാഥാര്‍ത്ഥ്യമാകുന്നതോടെ കോടഞ്ചേരിയിലെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പു ചിന്തി പൊന്നുവിളയിക്കുന്ന മുഴുവന്‍ കര്‍ഷകരെയും ലോകമറിയും. ഇതിലൂടെ അവര്‍ക്ക് പരിഗണനയും അംഗീകാരവും ലഭിക്കും. തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷി ഓഫീസറുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ സഹായ സഹകരണങ്ങളുമുണ്ടെന്നും മിഷേല്‍ പറയുന്നു.

പരമ്പരാഗത കാര്‍ഷിക കുടുംബാംഗമായ മിഷേല്‍ തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശിയാണ്. 2008 ല്‍ കോഴിക്കോട് തുറയൂര്‍ ക്യഷിഭവനിലാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടെ രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച ശേഷം കൂടരഞ്ഞി, രാമനാട്ടുകര എന്നിവിടങ്ങളിലെ കൃഷിഭവനുകളിലും പ്രവര്‍ത്തിച്ച ശേഷമാണ് കോടഞ്ചേരിയിലെത്തുന്നത്. ആറ് വര്‍ഷകാലം കൂടരഞ്ഞി കൃഷി ഭവനില്‍ ചെയ്യുന്നതിനിടയിലാണ് കര്‍ഷകര്‍ക്ക് സൈബര്‍ രംഗം ഉപയോഗപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കൂടരഞ്ഞി ക്യഷിഭനുവേണ്ടി  'കൃഷിഭവന്‍ കൂടരഞ്ഞി ഓണ്‍ലൈന്‍ ' എന്ന ബ്ലോഗ് തയ്യാറാക്കി. ഈ ബ്ലോഗ് ഫെയ്‌സ്ബുക്കിലൂടെ ക്യഷിഭവന്‍ പ്രവര്‍ത്തങ്ങളും കര്‍ഷകരുടെ ക്യഷി രീതികളും പൊതു ജനങ്ങളിലെത്തിച്ചു. ഇതേറെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനമായിരുന്നു. നവ മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഫെയ്‌സ് ബുക്ക് കാര്‍ഷികകൂട്ടായ്മ ക്യഷിഭൂമി സംസ്ഥാന പുരസ്‌കാരം നല്‍കി മിഷേലിനെ ആദരിച്ചു. 2014-15 ലെ ജില്ല മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരത്തിന് മിഷേല്‍ അര്‍ഹനായി. കാര്‍ഷികവിജ്ഞാന വ്യാപനത്തിനായിരുന്നു ക്യഷി വകുപ്പ് പുരസ്‌കാരം. കാലത്തിന്റെ കുതിപ്പിനൊപ്പം കര്‍ഷകരെയും എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് മിഷേല്‍ ജോര്‍ജിന്റെ തീരുമാനം. അതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രഹസ്യവിവരം; ഫ്ലാറ്റിലെ പരിശോധനയിൽ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി
വോട്ട് ബാങ്ക് കയ്യിൽ വച്ചാൽ മതി, എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യുമെന്നും വി ഡി സതീശൻ