രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ്

By Web DeskFirst Published May 29, 2016, 12:09 PM IST
Highlights

കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനത്തിന് ഹൈക്കമാന്‍ഡ് അംഗീകാരവും നല്‍കിയിട്ടുണ്ട്. ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കിയ തീരുമാനം ഘടകകക്ഷി നേതാക്കളെയും അറിയിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രതിപക്ഷ ഉപനേതാവ്. വര്‍ഷങ്ങളോളം ഉമ്മന്‍ചാണ്ടിയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസിലെ ഒന്നാമന്‍. എന്നാല്‍ രമേശ് ചെന്നിത്തലയുടെ വരവോടെ 21 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഐ ഗ്രൂപ്പുകാരന്‍ കോണ്‍ഗ്രസിലെ ഒന്നാമനായി മാറിയിരിക്കുകയാണ്. കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി, എ കെ ആന്റണി മുഖ്യമന്ത്രിയായതോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരായിരുന്നു ഉണ്ടായിരുന്നത്.

മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാന്‍ കഴിഞ്ഞദിവസം കെപിസിസി നേതൃതലത്തില്‍ അനൗദ്യോഗിക ധാരണയായിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി അംഗങ്ങളുടെ എണ്ണത്തില്‍ ഐ ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള മേധാവിത്വമാണ് ചെന്നിത്തലയ്‌ക്ക് തുണയായത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു യോഗം ചേര്‍ന്നത്. എന്നാല്‍ പ്രതിപക്ഷനേതാവായി പുതിയ ആള്‍ വരട്ടെയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി നിര്‍ദ്ദേശം വെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ എംഎല്‍എമാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞു. ഇതിനിടയില്‍ രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാന്‍ കഴിഞ്ഞദിവസം കൈക്കൊണ്ട ധാരണ പരസ്യമായതില്‍ പ്രതിഷേധിച്ചു കെ മുരളീധരന്‍ വൈകിയാണ് യോഗത്തിനെത്തിയത്. ഐ ഗ്രൂപ്പ് അംഗങ്ങളില്‍ ചെന്നിത്തലയ്ക്കെതിരെ അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷനേതാവാക്കാന്‍ ധാരണയാകുകയായിരുന്നു.

1956 ജൂണ്‍ ഒമ്പതിന് ആലപ്പുഴയിലെ ചെന്നിത്തലയിലാണ് രമേശിന്റെ ജനനം. ബി എ, എല്‍ എല്‍ ബി ബിരുദധാരിയായ ചെന്നിത്തല ഇരുപത്തിനാലാം വയസില്‍ കെ എസ് യു സംസ്ഥാന അദ്ധ്യക്ഷനാകുന്നതോടെയാണ് രാഷ്‌ട്രീയകേരളത്തില്‍ ശ്രദ്ധേയനാകുന്നത്. 1982ല്‍ ഹരിപ്പാട് നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1986ല്‍ ഇരുപത്തിയൊമ്പതാം വയസില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായി. 1989ല്‍ കോട്ടയത്തുനിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1990ല്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായത്. 2005 മുതല്‍ 2014 വരെ കെ പി സി സി പ്രസിഡന്റായിരുന്നു. 2014 ജനുവരി ഒന്നിന് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. 2016 മെയില്‍ ഹരിപ്പാട് നിന്ന് വീണ്ടും വിജയിച്ചാണ് രമേശ് ചെന്നിത്തല നിയമസഭാംഗമായത്.

 

click me!