കോണ്‍ഗ്രസിലെ ഭിന്നത: രാഹുല്‍ ഗാന്ധി ഇടപെടുന്നു

By Web DeskFirst Published Jun 9, 2016, 10:34 AM IST
Highlights

സംസ്ഥാന കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അടിയന്തര ഇടപെടല്‍ നടത്തുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ രാഹുലിനെ കണ്ടപ്പോള്‍ ഉയര്‍ന്ന നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുതിര്‍ന്ന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ദില്ലിയിലെത്താന്‍ ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇവര്‍ക്കൊപ്പം എകെ ആന്റണിയും ശനിയാഴ്ച പത്ത് ജന്‍പഥില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷമുള്ള പരസ്യപ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്‍ഡിനുള്ളത്. കനത്ത പരാജയത്തിനു ശേഷവും നേതാക്കള്‍ വ്യസ്ത്യതധ്രുവങ്ങളില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഐക്യത്തോടെ പോകണമെന്ന് കര്‍ശന നിര്‍ദ്ദേശം രാഹുല്‍ നല്കും. സംസ്ഥാന കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. എന്നാല്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡ് വൃത്തങള്‍ സൂചന നല്കി. ഇതിനിടെ ഇന്ന് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വി എം സുധീരന്‍ സംസ്ഥാനത്ത് സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കുകയാണെന്ന് പരാതി പറഞ്ഞതായാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് വി എം സുധീരന്‍ സ്വീകരിച്ച നിലപാട് തിരിച്ചടിക്കിടയാക്കിയെന്ന എ ഗ്രൂപ്പ് പരാതിയും തിരുവഞ്ചൂര്‍ ഹൈക്കമാന്‍ഡ് നേതാക്കളെ അറിയിച്ചു.

തലമുറ മാറ്റം വേണമെന്നാവശ്യപ്പെട്ട് റിവൈവ് കോണ്‍ഗ്രസ് എന്ന പേരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ വലിയ മാറ്റങ്ങള്‍ക്കുള്ള സമയമല്ലയിതെന്ന് വിലയിരുത്തുന്ന ഹൈക്കമാന്‍ഡ് തല്ക്കാലം തമ്മിലടി അവസാനിപ്പിക്കാനുള്ള ഇടപെടലിനാണ് തീരുമാനമെടുത്തിരിക്കുന്നത്.

click me!