
കൊച്ചി: വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നതിൽ നിർബന്ധമുണ്ടോയെന്ന് ഹൈക്കോടതിയെ അറിയിക്കാൻ നിർദ്ദേശം. സർക്കാരിനോട് വ്യാഴാഴ്ച നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. സമാനഹർജികൾക്കൊപ്പം കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചു. സംസ്ഥാന സർക്കാരിന്‍റെ വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
നിർബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലിൽ പങ്കെടുക്കണമെന്നത് സർക്കാരിന്‍റെ അഭ്യർത്ഥന അല്ലേയെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നാണ് ഹർജിക്കാര്‍ പറയുന്നത്. സാലറി ചലഞ്ചിന് സമാനമാണ് വനിത മതിലുമായി ബന്ധപ്പെട്ട സാഹചര്യമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
അതിനിടെ, വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവർ ആണ് വനിതാ മതിൽ കെട്ടുന്നത് എന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്ന് കെ എസ് യും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വർഗീയ മതിലാണിതെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam