ഹർത്താലിനോട് 'നോ' പറഞ്ഞ് മലയാള സിനിമ മേഖലയും

By Web TeamFirst Published Dec 18, 2018, 1:28 PM IST
Highlights

ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹവും രം​ഗത്തെത്തിട്ടുണ്ട്.

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ ഒടിയൻ ചിത്രത്തിന്റെ റിലീസ് ദിവസം ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചതിന് പിന്നാലെ ഹർത്തിലിനെതിരെ തിരിഞ്ഞ് മലയാള സിനിമ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.    

ഹർത്താൽ ദിവസങ്ങളിൽ ഷൂട്ടിങ് പതിവ് ദിവസങ്ങളിലെ പോലെ തന്നെ ഉണ്ടാകുമെന്നും നിർത്തിവെക്കില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒടിയൻ തിയറ്ററുകളിൽ എത്തിയത്. എന്നാൽ തലേദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിരുന്നു. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന റിലീസ്. എന്നാൽ ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവെക്കുകയും ഷോ നടത്തിയ തീയറ്ററുകളിൽ സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കുകയുമായിരുന്നു. 

അതേ സമയം  ഹര്‍ത്താലിനെതിരെ കേരളത്തിലെ വ്യാപാരി സമൂഹവും രം​ഗത്തെത്തിട്ടുണ്ട്. ഇനി മുതല്‍ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചു. ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ മതിയായ പൊലീസ് സംരക്ഷണം വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് സംഘടന ഹർത്താൽ പ്രഖ്യാപിച്ചാലും കടകൾ തുറക്കുമെന്ന് കേരള മർച്ചന്റ്‌സ് ആൻഡ് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി. സംസ്ഥാന സർക്കാരുമായും രാഷ്ട്രീയ പാർട്ടികളുമായും ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുമെന്നും സംഘടന അറിയിച്ചു. 

click me!