സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

By Web DeskFirst Published Mar 5, 2018, 4:33 PM IST
Highlights

പോലീസിന് രൂക്ഷ വിമര്‍ശനം

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. ഭൂമിയിടപാടില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന  ഒരു പരാതി കിട്ടിയിട്ട് എന്തുകൊണ്ട് കേസെടുത്തില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചു. പരാതി ലഭിച്ചാല്‍ കേസെടുത്ത് എഫ് എെ ആര്‍ രജിസ്റ്റര്‍  ചെയ്യുന്നതാണ് കീഴ്വഴക്കം എന്നാല്‍ സഭയുടെ ഭൂമിയിടപാടില്‍ മാത്രം പോലീസ് കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസെടുക്കാതിരുന്നത് സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശത്തിന് എതിരാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 

അതേസമയം കേസ് നാളത്തേക്ക് മാറ്റി. സീറോ മലബാര്‍ സഭയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരിയേയും പ്രതിരോധത്തിലാക്കികൊണ്ടായിരുന്നു ഇടനിലക്കാരന്‍റെ മൊഴി. ഭൂമി ഇടപാടിനെ തുടര്‍ന്ന് താന്‍ 3.90 കോടി രൂപ സഭയ്ക്ക് കൈമാറിയെന്നായിരുന്നു സജു കോടതിയെ അറിയിച്ചത്.

സഭാ ഭൂമി ഇടപാടിൽ ബാങ്ക് അക്കൗണ്ട് വഴി പണം കൈമാറിയിട്ടുണ്ടെന്ന് ഇടനിലക്കാരൻ കോടതിയെ അറിയിച്ചു. ഭൂമി ഇടപാടിന്‍റെ ഭാഗമായി തന്‍റെ കൈയില്‍ നിന്ന പണം ലഭിച്ചെന്ന് കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ കരാറുണ്ടെന്നും തനിക്ക് സഭയുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും സാജു കോടതിയെ അറിയിച്ചു.  എന്നാല്‍ പണം കിട്ടിയില്ലെന്ന് സഭ പറഞ്ഞു. ഇക്കാര്യം പരിശോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ നാളെ വിധിയുണ്ടായേക്കും. 

കേസ് ഒത്തുതീര്‍പ്പിനായി ഹൈക്കോടതിയുടെ മീഡിയേഷന് വിടണമെന്ന് ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ കാര്യം നിരാകരിച്ചു.  ഇത് മീഡിയേഷനില്‍ ഒത്തുതീര്‍ക്കേണ്ട കാര്യമല്ലെന്നും കോടതി പരാമര്‍ശിച്ചു. 20 ലക്ഷം വിശ്വാസികളുടെ വിശ്വാസമാണ്  ചോദ്യം ചെയ്യുന്നതെന്ന് ഇടനിലക്കാരന്‍. സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അത് ഓര്‍ക്കണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 
 

click me!