'തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു വലിയ നേതാവിന്‍റെ കുറവുണ്ട്, അതിനാണ് താന്‍ വരുന്നത്'

By Web DeskFirst Published Mar 5, 2018, 4:31 PM IST
Highlights
  • രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് തന്‍റെ വരവ്
  • എംജിആറിനെപ്പോലെ നല്ലഭരണം കാഴ്ചവെക്കാനാവും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ശൂന്യത നികത്താനാണ് തന്‍റെ വരവെന്ന് രജനീകാന്ത്. എംജിആറിനെപ്പോലെ നല്ലഭരണം കാഴ്ചവയ്ക്കാനാകുമെന്നും രജനി പറഞ്ഞു. ഡിസംബറിൽ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിലാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന്‍റെ പ്രതിമ ചെന്നൈയിലെ എംജിആര്‍ എജുക്കേഷനല്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്. എംജിആറിന്‍റെ പിന്മുറക്കാരൻ ആകാനാണ് തന്‍റെ ശ്രമമെന്ന് വ്യക്തമാക്കിയ രജനികാന്ത് എംജിആറിന്‍റെ ഭരണത്തിന് സമാനമായ ഭരണമാണ് താൻ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

രാഷ്ട്രീയക്കാർ അവരുടെ കർത്തവ്യം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നും ഞാന്‍ എന്‍റെ ജോലിയാണ് ചെയ്യുന്നതെന്നും രജനീകാന്ത് പറഞ്ഞു. ആത്മീയ രാഷ്ട്രീയം എന്ന് ഞാൻ പറഞ്ഞപ്പോൾ എന്താണതെന്ന് ചോദിച്ചവര്‍ക്ക് വരും ദിവസങ്ങളില്‍ എന്താണതെന്ന് വ്യക്തമാകും. സംശുദ്ധമായ, തെളിമയാര്‍ന്ന പരിപാലനമാണത്. 

തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു ശൂന്യത ഉണ്ടെന്നും ആരും എംജിആറിന് സമാനരല്ലെന്നും രജനീകാന്ത് പറഞ്ഞു. എംജിആർ ഭരിച്ചതു പോലെയുള്ള ഒരു ഭരണം കൊണ്ടുവരാൻ ആണ് ശ്രമം. തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ ഒരു വലിയ നേതാവിന്‍റെ കുറവുണ്ടെന്നും അതിനാണ് താന്‍ വരുന്നതെന്നും രജനീകാന്ത് പറഞ്ഞു.

ഡിസംബര്‍ 31 നാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സ്ഥിതീകരിച്ചത്. പാര്‍ട്ടി രൂപീകരിക്കുമെന്നും തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളില്‍ മത്സരക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 

click me!