മതംമാറി വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്ന് ഹൈക്കോടതി

By Web DeskFirst Published Oct 10, 2017, 11:32 AM IST
Highlights

എറണാകുളം: കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി.  തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് യോഗാ സെന്ററിനെതിരെ ശ്രുതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. എല്ലാ ഹേബിയസ് കോർപ്പസ് കേസുകളും വിവാദമാക്കരുതെന്നും കോടതി പറഞ്ഞു.

യോഗ സെന്ററില്‍ തടവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് ശ്രുതിയും, ശ്രുതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് അനീസും കോടതിയെ സമീപിച്ചിരുന്നു. ഈ കേസുകളാണ് കോടതി ഇന്ന് പരിഗണിച്ചത്. വ്യത്യസ്ഥ മതവിഭാഗത്തില്‍ പെട്ടവര്‍ വിവാഹം ചെയ്തെന്നുകരുതി ഈ കേസില്‍ ലൗ ജിഹാദിന്റെ സൂചനകളൊന്നും കാണുന്നില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം.  എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുത്. മറ്റ് മതങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍ വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

അനീസുമായുള്ള വിവാഹത്തിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അനീസിനൊപ്പം പോകാന്‍ ശ്രുതിയെ കോടതി അനുവദിച്ചു. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പിന്നീട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. 

click me!