ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിൽ അമേരിക്കൻ സൈന്യം വൻ വ്യോമാക്രമണം നടത്തി. 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് അവകാശപ്പെടുമ്പോൾ, എണ്ണ ശുദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാൻ അറിയിച്ചു. ഈ ആക്രമണം ഗൾഫ് മേഖലയിൽ യുദ്ധസാധ്യത വർദ്ധിപ്പിക്കുകയാണ്.
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ നിർണാക കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ ആക്രമണവുമായി അമേരിക്ക. ദ്വീപിൽ 90ലധികം കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, എണ്ണ ശുദ്ധീകരണ ശാലകളെ ബാധിച്ചില്ലെന്ന് ഇറാനും അറിയിച്ചു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആദ്യമായിട്ടാണ് ആക്രമണം നടത്തുന്നത്. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഖാർഗ് ദ്വീപ് അമേരിക്ക ലക്ഷ്യം വെച്ചിരുന്നില്ല. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാന ദ്വീപാണ് ഖാർഗ്. ദ്വീപിനെ ആക്രമിച്ചാൽ ആഗോളതലത്തിൽ ക്രൂഡ് വിതരണം താറുമാറാകുമെന്ന ആശങ്കയാണ് ഇത്രയും കാലം ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കയെ വിലക്കിയത്. എന്നാൽ, ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തതെന്ന് അവകാശപ്പെട്ടു.
ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി. ഇറാന്റെ സൈനിക ശേഷി പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം. ദ്വീപിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും പൈപ്പ് ലൈനുകളെയും ബാധിക്കാത്ത വിധത്തിൽ അതീവ കൃത്യതയാർന്ന ആക്രമണമാണ് നടത്തിയതെന്ന് അമേരിക്ക അവകാശപ്പെട്ടു. എന്നാൽ, ദ്വീപ് ആക്രമിച്ചതിനെ കടുത്ത പ്രകോപനമായിട്ടാണ് ഇറാൻ കാണുന്നത്. അതുകൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളെ ലക്ഷ്യം വെച്ചാക്കാമെന്ന് ആശങ്കയുണ്ട്. തങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്ക ഇത്രയും കടുത്ത നീക്കം നടത്തുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല. ഖാർഗ് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് പകരമായി മേഖലയിലെ കൂടുതൽ അമേരിക്കൻ താവളങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡുകൾ മുന്നറിയിപ്പ് നൽകി.
