
പിറവം: പിറവം പളളിത്തർക്കക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. കാരണം പറയാതെയാണ് ജസ്റ്റിസ് ആനി ജോൺ ഹർജി കേൾക്കുന്നില്ല എന്നറിയിച്ചത്. ലാവലിൻ കേസിൽ മുമ്പുണ്ടായ സാഹചര്യമാണ് പിറവം പളളിത്തർക്കകേസിലും ഹൈക്കോടതിയിൽ ഉണ്ടായിരിക്കുന്നത്.
സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. മൂന്ന് ബെഞ്ചുകൾ ഒഴിവാക്കിയ ഹർജി ചീഫ് ജസ്റ്റിസിന്‍റെ നിർദേശ പ്രകാരമാണ് പുതിയ ഡിവിഷൻ ബെഞ്ചിൽ എത്തിയത്. ജഡ്ജിമാരായ ഹരിലാൽ, ആനി ജോൺ എന്നിവരായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ ഹർജി വിളിച്ചയുടൻ തന്നെ ഒഴിവാക്കുകയാണെന്ന് ജസ്റ്റിസ് ആനി ജോൺ അറിയിച്ചു. എന്നാൽ കാരണം വ്യക്തമാക്കിയില്ല.
ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും ഒഴിവാക്കിയതോടെ ഹർജി വീണ്ടും ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്ക് അയച്ചു. മറ്റൊരു ഡിവിഷൻ ബെഞ്ചിന് കൈമാറുകയോ അല്ലെങ്കിൽ താനുൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് കേൾക്കുകയോ ആണ് ചീഫി ജസ്റ്റിസിനുമുൻപിലുളള പോംവഴി. പിറവം പളളി സംബന്ധിച്ച് തങ്ങൾക്കനുകൂലമായ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം നേരത്തെ ഹൈക്കോടതിയിൽ എത്തിയത്.
ജസ്റ്റിസ് ദേവൻ രാമചചന്ദ്രൻ ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചായിരുന്നു ആദ്യം ഈ ഹർജി പരിഗണിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്പ് പളളിത്തർക്കകേസിൽ ഒരു വിഭാഗത്തിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന യാക്കോബായി സഭാ വിശ്വാസിയായ ഹർജിക്കാരന്‍റെ വിമർശനം പരിഗണിച്ചായിരുന്നു ഈ ബെഞ്ചിന്‍റെ പിൻമാറ്റം.
ജസ്റ്റിസ് ചിദംബരേഷ് ഉൾപ്പെട്ട രണ്ടാമത്തെ ബെഞ്ചിനുനേർക്കും സമാന ആരോപണം ഉന്നയിച്ചതോടെ ഇവരും പിന്മാറി. ജസ്റ്റിസ് സി കെ ആബ്ദുൾ റഹീം ജസ്റ്റിസ് ടിവി അനിൽ കുമാർ എന്നിവരുൾപ്പെട്ട മൂന്നാമത്തെ ഡിവിഷൻ ബെഞ്ചാകട്ടെ കാരണമൊന്നും പറയാതെ ഹർജി കേൾക്കുന്നതിൽ നിന്ന് പിൻമാറി. പിന്നാലെയാണ് നാലാമത്തെ ബെഞ്ചിന്‍റെയും പിൻമാറ്റം. മുമ്പ് ലാവലിൻ കേസിൽ പിണറായി വിജയനെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ വിവിധ ബെഞ്ചുകൾ പിൻമാറിയത് സമാന സാഹചര്യം സൃഷ്ടിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam