സർക്കാരിന്‍റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ല: ഹൈക്കോടതി

By Web TeamFirst Published Oct 15, 2018, 8:09 PM IST
Highlights

സർക്കാരിന്‍റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജൻസി മാത്രമാണ് വിജിലൻസ്, സർക്കാരിന് ശുപാർശ നൽകാൻ അധികാരമില്ലെന്നും കോടതി. 

കൊച്ചി: സർക്കാരിന്‍റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജൻസി മാത്രമായ  വിജിലൻസിന് സർക്കാരിന് ശുപാർശ നൽകാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 

എന്‍. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ഉയര്‍ന്ന പരാതിയില്‍  അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ അനുകൂല ഉത്തരവ് നല്‍കിക്കൊണ്ടാണ് ഹൈക്കോടതി വിജിലന്‍സിന്‍റെ അധികാര പരിധി വ്യക്തമാക്കുന്ന നിരീക്ഷണങ്ങള്‍ നടത്തിയത്. വിജിലൻസിന്‍റെ പ്രവർത്തനങ്ങൾക്ക് മാർഗ രേഖ തയാറാക്കണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കാത്തതില്‍ ജസ്റ്റിസ് ഉബൈദ്  അതൃപ്തി രേഖപ്പെടുത്തി. 

എന്‍ഐഎ, സിബിഐ പോലെ ഭരണപരമായ സ്വതന്ത്രാധികാരം വിജിലന്‍സിനില്ല. വിജിലൻസ് മാന്വലിനു നിയമ പിന്‍ബലം ഇല്ല. ഉദ്യോഗസ്ഥര്‍ക്ക് ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം മാത്രമാണ്. ഇന്ത്യന്‍ തെളിവു നിയമത്തെയും ക്രിമിനല്‍ ചട്ടങ്ങളെയും പോലെയല്ല വിജിലന്‍സിന്‍റെ നിയമാവലിയെന്ന് മനസ്സില്ക്കണമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരെ കോടതി ഓര്‍മ്മിപ്പിച്ചു. അഴിമതിയിയോ കെടുകാര്യസ്ഥതയോ ഉണ്ടെങ്കില്‍ പിസി ആക്ട് പ്രകാരമേ കേസെടുക്കാവൂ. സർക്കാരിന് ശുപാര്‍ശയോ നിർദേശമോ നൽകാൻ വിജിലൻസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

click me!