
കൊച്ചി: എടിഎം കവർച്ചാക്കേസിൽ തൃശൂരില്‍ നിന്നും ലഭിച്ച ഏഴംഗ സംഘത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രതികളുടേതല്ലെന്ന് പൊലീസ്. അതേസമയം രണ്ടുവർഷം മുമ്പ് അസാമില്‍ സമാനരീതിയില്‍ നടന്ന കവർച്ചാകേസിലെ പ്രതികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണസംഘം തൃശൂർ ഹൈസ്കൂളിനു സമീപത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് ഉത്തരേന്ത്യന്‍ സ്വദേശികളായ 7 പേർ നടന്നുപോകുന്നതായി കണ്ടത്. 7 അംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് അനുമാനിക്കാന്‍ ഈ ദൃശ്യങ്ങളായിരുന്നു ആധാരമാക്കിയത്. എന്നാല്‍ ഇത് കവർച്ചക്കാരുടേതല്ലെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയത്.
അതേസമയം, രണ്ട് വർഷം മുമ്പ് ഗോഹാട്ടിയില്‍ നടന്ന എടിഎം കവർച്ചാശ്രമക്കേസിലെ പ്രതികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുമ്പനത്തെ എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ കവർച്ചാ സംഘത്തിലുള്ളവരുടെ ചിത്രങ്ങള്‍ക്ക് കേരളത്തിലെ മോഷ്ടാക്കളോട് സാമ്യം തോന്നിയതിനാലാണിത്. സഹബ് അലി, സൈഫുള്‍ റഹ്മാന്‍, മൈനുള്‍ ഹക്ക്, സദ്ദാം ഹുസൈന്‍ എന്നിവരാണ് അന്നത്തെ കവര്‍ച്ചാ ശ്രമക്കേസിലെ പ്രതികള്‍. ഇവര്‍ മോഷണം നടത്തിയശേഷം അന്ന് രക്ഷപെടാന്‍ ശ്രമിച്ചത് അസ്സം നിയമസഭാ പാസ്സുള്ള വാഹനമായിരുന്നു. ഇവരുരെക്കുറിച്ചുള്ള വിവരങ്ങള്‍ അസ്സം പൊലീസ് കേരളാ പൊലീസിന് കൈമാറി.
അന്വേഷണ സംഘം ഇതടക്കം വിവിധയിടങ്ങളില്‍നിന്നും ലഭിച്ച ചിത്രങ്ങളും വീഡിയോകളും പരിശോധിക്കുന്നുണ്ട്. ഒപ്പം അക്രമികള്‍ സഞ്ചരിച്ച വാഹനത്തിലും എടിഎം കൗണ്ടറുകളിലും നടത്തിയ പരിശോധനാഫലവും, കവർച്ച നടന്ന സമയത്ത് പ്രദേശത്തെ ടവറുകള്‍ക്ക് കീഴിലെ ടെലിഫോൺ കോളുകളും ഇനി ലഭിക്കാനുണ്ട്. ഇവ ലഭിക്കുന്നതോടെ പ്രതികളെകുറിച്ച് നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam