
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആഴ്ചകള്‍ക്ക് മുമ്പാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേര്‍ത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്‍റെ ഹര്‍ജി. നിലവില്‍ അന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. ദിലീപിന്‍റെ അമ്മയും സമാനമായ ഹര്‍ജിയുമായി നേരത്തേ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.
കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നാല്‍പ്പതിലേറെ ഹര്‍ജികളാണ് വിവിധ കോടതികളിലായി ദിലീപ് നല്‍കിയിരിക്കുന്നത്. ഇത് വിചാരണ വൈകിപ്പിക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കീഴ്കോടതിയില്‍ വിചാരണയ്ക്ക് വേണ്ടി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മേല്‍ക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയാല്‍ സാധാരണ ഗതിയില്‍ വിചാരണ നേരിടുന്നതില്‍ കാലതാമസമുണ്ടാകും.
വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അത്തരമൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തു. ആദ്യപ്രതികളെല്ലാം തന്നെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ്. അക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നീട് ഗൂഢാലോചന കൂടി ചേര്‍ത്ത് രണ്ടാമതും കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
നിലവില്‍ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും വിചാരണ വനിതാ ജഡ്ജി യുടെ നേതൃത്വത്തില്‍ ആകണമെന്നും ഹൈക്കോടതിയുടെ ഇതേ ബെഞ്ചിന് മുന്നില്‍ നടി നല്‍കിയ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam