
സന്നിധാനം: ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി ഇന്ന് ശബരിമല സന്ദർശിക്കും. ഉച്ചയോടെ നിലയ്ക്കലിൽ എത്തുന്ന സംഘം പമ്പയിലും പരിശോധന നടത്തിയ ശേഷം രാത്രിയിൽ സന്നിധാനത്ത് തങ്ങും. നാളെയാണ് സംഘം സന്നിധാനത്ത് സന്ദർശനം നടത്തുക.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ നിലയ്ക്കലിൽ എത്തുന്ന സംഘം ആദ്യം അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തും. ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുയാണ് ആദ്യ പരിഗണനയെന്ന് സമിതി അംഗങ്ങൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ സംഘം പമ്പയിൽ എത്തും. തുടർന്ന് രാത്രിയോടെ സന്നിധാനത്തേക്ക് പോകും. സന്നിധാനത്തെ ക്രമീകരണങ്ങളെക്കുറിച്ച് നാളെയാണ് പരിശോധന നടത്തുക. ശബരിമല സന്ദർശനം പൂർത്തിയാക്കിയ ശേഷമേ ക്രമസമാധാന കാര്യങ്ങളിൽ ഇടപെടൂ എന്ന് സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ ദേവസ്വം ബോർഡ് പ്രതിനിധികളുമായി സംഘം ചർച്ച നടത്തിയിരുന്നു. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് യോഗശേഷം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൽ സമിതി തീരുമാനമെടുക്കും.ജസ്റ്റിസുമാരായ പി,ആർ രാമൻ, സിരിജഗൻ,ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.
Also Read: ശബരിമല നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി
അതേസമയം, മൂന്നംഗ സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം. ഇതുസംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam