'കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നു'; ശബരിമല വിഷയത്തിൽ ഹൈക്കോടതി

By Web TeamFirst Published Nov 14, 2018, 1:24 PM IST
Highlights

കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നതുകൊണ്ടാണ് സർക്കാരിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരുന്നതെന്ന് ഹർജിക്കാരനോട് ഹൈക്കോടതി. പാസ് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി കൂടുതൽ വാദത്തിനായി നാളേക്ക് മാറ്റി.
 

കൊച്ചി: ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം ഉണ്ടായേക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അതിന് മുൻകരുതലായാണ് വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തിയതെന്നും അതുകൊണ്ട് തീർത്ഥാടകർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സർക്കാർ കോടതിയില്‍ ബോധിപ്പിച്ചു. തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹർജിക്ക് മറുപടിയായിട്ടാണ് സർക്കാർ വിശദീകരണം. 

ശബരിമല വിഷയത്തില്‍ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു. അതുകൊണ്ടാണ് സർക്കാരിന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുന്നത് എന്നും കോടതി വ്യക്തമാക്കി. ശബരിമലയിലെ പാസ്സ് ഓൺലൈൻ ആക്കണമെന്ന ആവശ്യവുമായി അഭിഭാഷകനായ പി.ഉണ്ണി കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ച ഹർജി കൂടുതൽ വാദത്തിനായി നാളത്തേക്ക് മാറ്റി.

പമ്പയിലെ അക്രമ സംഭവങ്ങളിൽ അറസ്റ്റിലായ ആറു പേര് സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. അനന്തു വി.കുറുപ്പ്, ഷൈലേഷ്, അഭിലാഷ്, കിരൺ, ഹരികുമാർ, ഗോവിന്ദ് മധു സൂധനൻ എന്നിവരുടെ ഹർജിയാണ് കോടതി നാളെ പരിഗണിക്കുക. 

സുരക്ഷ കണക്കിലെടുത്ത് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് രാവിലെ 10ന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. കാൽ നടയായി എത്തുന്നവരെയാണ് രാവിലെ 10 ന് ശേഷം കടത്തിവിടുക. വ്യാഴ്ചാച രാത്രി എട്ട് മണിക്ക് ശേഷമാകും മാധ്യമപ്രവർ‍ത്തകർക്ക് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് പ്രവേശനം. സന്ദർഭം പരിശോധിച്ച ശേഷമായിരിക്കും സന്നിധാനത്ത് വനിതാ ഉദ്യോഗസ്ഥരെ വിന്യാസിപ്പിക്കുക.
 

click me!